സഹപ്രവര്‍ത്തകയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ നെസ്‌ലെ സിഇഒ ലോറന്‍റ് ഫ്രെയ്ക്സിനെ കമ്പനി പുറത്താക്കി. ഇന്നലെയാണ് അന്വേഷണത്തെത്തുടര്‍ന്ന് സിഇഒയെ പുറത്താക്കാന്‍ കമ്പനി തീരുമാനിക്കുന്നത്. നെസ്‌പ്രസ്സോ സിഇഒ ഫിലിപ്പ് നവ്രത്തിലലിനെ ചുമതലയേല്‍പ്പിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനിച്ചു. നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കാരണം കാണിച്ചാണ് സിഇഒയെ നീക്കാന്‍ കമ്പനി തീരുമാനിച്ചത്.
ബോർഡ് ചെയർമാൻ പോൾ ബുൾക്കെയും ഡയറക്ടർ പാബ്ലോ ഇസ്‌ലയും ചേർന്ന് പുറത്തുനിന്നുള്ള അഭിഭാഷകരുടെ പിന്തുണയോടെ ഒരു അന്വേഷണം നടത്താനും ഉത്തരവിട്ടതായി ബോർഡ് അറിയിച്ചു. ‘ഇതൊരു അനിവാര്യമായ തീരുമാനമായിരുന്നു. നെസ്‌ലെയുടെ മൂല്യങ്ങളും ഭരണവും കമ്പനിയുടെ ശക്തമായ അടിത്തറയാണ്, ലോറന്‍റ് വർഷങ്ങളോളം നൽകിയ സേവനങ്ങൾക്ക് നന്ദി പറയുന്നുവെന്നായിരുന്നു കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞത്. ലോറന്‍റ് ഫ്രെയ്ക്സ് 1986ലാണ് ഫ്രാൻസിലെ നെസ്‌ലെയിൽ ചേർന്നത്. 2008-ൽ ആരംഭിച്ച സബ്പ്രൈം, യൂറോ പ്രതിസന്ധി ഘട്ടങ്ങളെ വിജയകരമായി മറികടന്ന്, 2014 വരെ അദ്ദേഹം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിഇഒ. ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ലാറ്റിൻ അമേരിക്കൻ വിഭാഗത്തിന്‍റെ തലവനായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം നെസ്‌ലെയുടെ ഓഹരി വില ഏകദേശം കാൽ ഭാഗത്തോളം ഇടിഞ്ഞിരുന്നു. വലിയ തോതില്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയ ആളുകള്‍ വലിയ ആശങ്കയിലായി. നെസ്പ്രസ്സോ കോഫി കാപ്സ്യൂള്‍, കിറ്റ്കാറ്റ് ചോക്ലേറ്റ്, പ്യൂരിന ഡോഗ് ഫുഡ്, മാഗി ബൂളോൺ ക്യൂബുകൾ, ഗെർബർ ബേബി ഫുഡ്, നെസ്ക്വിക് ചോക്ലേറ്റ് ഫ്ലേവറഡ് പാനീയങ്ങൾ എന്നിവയും നെസ്‌ലെയുടെ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു.