ഓണം പ്രമാണിച്ച് നാട്ടിലെത്തിയ യുകെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിശാഖ് മേനോനാണ് (46) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. യു.കെയിലെ സോമർസെറ്റ് യോവിലിൽ കുടുംബവുമൊന്നിച്ചാണ് അദ്ദേഹം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ കോട്ടയത്തെ ഭാര്യ വീട്ടിൽ വച്ചായിരുന്നു മരണം. 

യോവിലിൽ താമസിച്ചിരുന്ന വിശാഖ് പുതിയ ജോലി തരപ്പെട്ടതോടെ യുകെയിലെ തന്നെ ഷെഫീൽഡ് എന്ന സ്ഥലത്തേക്ക് മാറാന്‍ തയ്യാറെടുക്കുകയായിരുന്നു. ജോലി മാറ്റത്തിന് മുൻപ് നാട്ടിലെത്തി ബന്ധുക്കളെ കാണുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. യോവിൽ ഹിന്ദു സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് കൊല്ലം വള്ളിക്കാവ് അമൃതപുരിയിൽ നടക്കും.       

ഭാര്യ; രശ്മി നായര്‍ (യോവിൽ എൻ.എച്ച്.എസ് ട്രസ്റ്റിലെ നഴ്‌സ്). മകൻ: അമൻ. 

ENGLISH SUMMARY:

UK Malayali death reported in Kerala after arriving for Onam. Visakh Menon, 46, from Changanassery, passed away due to a heart attack while visiting his wife's home in Kottayam.