pompei-theft

TOPICS COVERED

ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്ഥലങ്ങളിലൊന്നായ പോംപൈയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സ്കോട്ടിഷ് സ്വദേശി പിടിയില്‍. 51 വയസ്സുകാരനായ വിനോദസഞ്ചാരി തന്റെ ബാക്ക്പാക്കിൽ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച പുരാവസ്തുക്കളുമായി പോംപൈ വിടാൻ ശ്രമിക്കവെയാണ് പിടിയിലായത്. ദി ഇൻഡിപെൻഡന്റ് യുകെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പുരാതന റോമൻ നഗരത്തിലെ പ്രധാന ടൂറിസം സ്ഥലങ്ങളിലൊന്നാണ് പോംപൈ. അഞ്ചു കല്ലുകളും ഒരു ഇഷ്ടികയുമാണ് ഇയാള്‍ നിയമവിരുദ്ധമായി കടത്താന്‍ നോക്കിയത്. 

മോഷണക്കേസില്‍ ‘അഗ്രവേറ്റഡ് തെഫ്റ്റ്’ എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇറ്റലിയുടെ സംസ്കാരിക പൈതൃക നിയമങ്ങള്‍ പ്രകാരം പുരാതവസ്തുക്കളുടെ മോഷണം ഗുരുതരമായ കുറ്റമാണ്. ശിക്ഷിക്കപ്പെട്ടാൽ, ഇയാൾക്ക് ആറ് വർഷം വരെ തടവും 1,500 യൂറോ (ഏകദേശം 1.5 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം.

വിനോദസഞ്ചാരിയെ വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച സ്ഥലംഗൈഡാണ് ഇയാള്‍ സാധനങ്ങള്‍ ബാഗിലാക്കുന്നത് കണ്ടെത്തിയത്. ഗൈഡിന്റേയും പൊലീസിന്റേയും ജാഗ്രത നിര്‍ണായകമായിരുന്നെന്ന് പോംപൈ പുരാവസ്തു പാർക്കിന്റെ ഡയറക്ടർ ഗബ്രിയേൽ സുച്ച്‌ട്രീഗൽ പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചരിത്ര നിധികളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിയമതടസങ്ങള്‍ മാത്രമല്ല പോംപൈയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചാല്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നൊരു വിശ്വാസം കൂടി അന്നാടിനുണ്ട്. എ.ഡി 79-ൽ വെസൂവിയസ് അഗ്നിപർവ്വതം വന്നു മൂടിപ്പോയ പുരാതന നഗരമാണ് പോംപൈ, അതിലെ അവശേഷിപ്പുകൾ മോഷ്ടിക്കുന്നവർ ഒരുകാലവും രക്ഷപ്പെടില്ലെന്ന വിശ്വാസം കൂടി ഉറപ്പിക്കപ്പെടുകയാണ് വിനോദസഞ്ചാരിയുടെ അറസ്റ്റോടെയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2020-ൽ ഒരു കനേഡിയൻ യുവതി 15 വർഷം മുമ്പ് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ നൽകിയിരുന്നു. ഈ മോഷ്ടിച്ച വസ്തുക്കള്‍ തനിക്കും കുടുംബത്തിനും വര്‍ഷങ്ങളോളം ദുരന്തങ്ങള്‍ നല്‍കിയെന്നുപറഞ്ഞായിരുന്നു വസ്തുക്കള്‍ തിരികെ നല്‍കിയത്. പുരാതന റോമൻ നഗരത്തിന്റെ പൂർണ്ണമായ ചിത്രം നൽകുന്ന ലോകത്തിലെ ഏക പുരാവസ്തു കേന്ദ്രം കൂടിയാണ് ഈ യുനെസ്കോ ലോക പൈതൃക കേന്ദ്രം. 

ENGLISH SUMMARY:

Pompeii theft involves a Scottish tourist who was arrested for stealing artifacts from Pompeii. The tourist faces severe penalties under Italian cultural heritage laws for attempting to steal historical items from the ancient site.