റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി വൈറ്റ്ഹൗസില്‍ ട്രംപ്–സെലന്‍സ്കി ചര്‍ച്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിനും സെലന്‍സ്കിയും നേരിട്ട് ചര്‍ച്ച നടത്തും. യുക്രെയ്ന് യുറോപ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സുരക്ഷ നല്‍കുമെന്നും യുഎസ് സഹകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഫിന്‍ലാന്‍ഡ് രാജ്യങ്ങളുടെ ഭരണാധികാരികള്‍, നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്. മൂന്നരവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തേടി വലിയ നയതന്ത്രചര്‍ച്ചകള്‍ക്കാണ് വൈറ്റ്ഹൗസ് സാക്ഷിയായത്. ചര്‍ച്ച ഫലപ്രദമെന്ന് ട്രംപും സെന്‍സിറ്റീവായ വിഷയങ്ങളടക്കം ചര്‍ച്ചയായെന്ന് സെലന്‍സ്കിയും പ്രതികരിച്ചു. ചര്‍ച്ചയ്ക്കിടെ നാല്‍പത് മിനിട്ടോളം ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. അടുത്തഘട്ടമായി രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിനും സെലന്‍സ്കിയും നേരില്‍ കാണും. തുടര്‍ന്ന് ട്രംപും സെലന്‍സ്കിയും പുട്ടിനും ചേര്‍ന്നും ചര്‍ച്ച നടത്തും. യുക്രെയ്ന് യുഎസ് നേരിട്ട് സുരക്ഷ നല്‍കുന്നതിന് പകരം യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്ന സുരക്ഷയോട് സഹകരിക്കുമെന്ന് ട്രംപ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തലല്ല, ശാശ്വതസമാധാനമാണ് വേണ്ടതെന്നും ട്രംപ്.
2014 ല്‍ റഷ്യ പിടിച്ചടക്കിയ ക്രൈമിയ ഉള്‍പ്പെടെ അഞ്ച് പ്രവിശ്യകള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചായിരിക്കും പുട്ടിന്‍–സെലന്‍സ്കി ചര്‍ച്ച. ഇരുനേതാക്കളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ ഔദ്യോഗികവസ്ത്രം ധരിക്കാത്തതിന് വിമര്‍ശിക്കപ്പെട്ടതിനാല്‍ ഇത്തവണ സൂട്ട് ധരിച്ചാണ് സെലന്‍സ്കി വൈറ്റ്ഹൗസിലെത്തിയത്.