കുവൈത്ത് വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ 67 പേർ പിടിയിൽ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിൻ (31) ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു. മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. തുടർന്നാണ് മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തത്

ENGLISH SUMMARY:

Kuwait fake alcohol tragedy investigation leads to arrests. The investigation revealed that 67 people were arrested for making and distributing illicit alcohol, following the tragic deaths and injuries caused by the consumption of fake liquor.