ദക്ഷിണ യൂറോപ്പിൽ കാട്ടുതീ രൂക്ഷമായി. സ്പെയിൻ, തുർക്കി, അൽബേനിയ എന്നിവിടങ്ങളിലായി മൂന്നു പേർ മരിച്ചു. ഗ്രീസിലാണ് ഏറെയും നാശം. തുറമുഖ നഗരമായ പട്രാസിനു സമീപം ഒലിവ് തോട്ടങ്ങളിലൂടെ തീ പടർന്നതോടെ വീടുകളും കൃഷിയിടങ്ങളും രക്ഷിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ കനത്ത പോരാട്ടം തുടരുകയാണ്.
വെള്ളം തളിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വട്ടമിട്ടു പറന്നപ്പോൾ, വെട്ടിയ മരച്ചില്ലകൾ കൊണ്ട് തീ തല്ലിക്കെടുത്തിയും ബക്കറ്റുകളിൽ വെള്ളം കോരിയൊഴിച്ചും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മെഡിറ്ററേനിയൻ യൂറോപ്പിലാകെ ആഴ്ചകളായി തുടരുന്ന ഉഷ്ണതരംഗത്തിനും കനത്ത ചൂടിനും പിന്നാലെ പലയിടങ്ങളിലും ഒരേസമയം തീപടർന്നു. ദുരിതബാധിത രാജ്യങ്ങളിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ തികയുന്നില്ല. അൽബേനിയൻ തലസ്ഥാനമായ ടിറാനയ്ക്ക് തെക്കുണ്ടായ തീപിടിത്തത്തിൽ 80 വയസ്സുകാരൻ മരിച്ചു. ഗ്രീക്ക് അതിർത്തിയോടു ചേർന്നുള്ള തെക്കൻ കോർഷ ജില്ലയിൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത് മണ്ണിൽ പുതഞ്ഞുകിടന്ന പീരങ്കിയുണ്ടകൾ ചൂടേറ്റ് പൊട്ടിത്തെറിച്ചു. തെക്കൻ തുർക്കിയിൽ കാട്ടുതീയണയ്ക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു. അഗ്നിരക്ഷാ സേനയുടെ ട്രക്ക് അപകടത്തിൽപ്പെട്ടാണ് മരണം. ഇതേ അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രാലയം വ്യക്തമാക്കി.