യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തില്‍ പുതിയ എതിരാളി ഇന്ത്യയാണ്. ഇന്നു മുതല്‍ പ്രാബല്യത്തിലായ 25 ശതമാനം തീരുവയ്ക്കൊപ്പം 25 ശതമാനം അധിക തീരുവയാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്. 21 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനമാണ് യു.എസ് ഈടാക്കുന്ന തീരുവ.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങി പരോക്ഷമായി യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നു എന്നതാണ് തീരുവയ്ക്കുള്ള ട്രംപിന്‍റെ വാദം. ഇത് യു.എസിന്‍റെ കപട്യമാണെന്ന് നേരത്തെ ഇന്ത്യ തുറന്നുകാട്ടിയിരുന്നു. ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ കണക്കുകള്‍. റഷ്യയില്‍ നിന്നും യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഇന്ത്യയേക്കാളേറെ എണ്ണ വാങ്ങിയിട്ടും ട്രംപിന്‍റെ മൗനം ചോദ്യം ചെയ്യുകയാണ് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലിയര്‍ എയറിന്‍റെ കണക്കുകള്‍.
യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ എണ്ണ വരുമാനത്തിന്‍റെ 23 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ സംഭാവന വെറും 13 ശതമാനമാണ്. ഇക്കാലയളവില്‍ ഫോസില്‍ ഇന്ധനങ്ങളുടെ കയറ്റുമതിയിലൂടെ റഷ്യന്‍ ഖജനാവിലെത്തിയത് 92,300 കോടി രൂപയാണ്. ഇതില്‍ 21,200 കോടി രൂപയും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. 12,100 കോടി രൂപയുടെ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ചൈനയുടെ വിഹിതം 20,000 കോടിക്ക് അടുത്താണ്.
റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്നത് ടാങ്കറുകളില്‍ പകുതിയിലധികവും ജി7+ രാജ്യങ്ങളുടേതാണ്. എണ്ണ കൂടാതെ വളം, കെമിക്കല്‍സ്, ഇയേണ്‍, സ്റ്റീല്‍, ട്രാന്‍സ്പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയും റഷ്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2025 ന്‍റെ രണ്ടാം പാദത്തില്‍ എണ്ണയില്‍ നിന്നുള്ള റഷ്യയുടെ വരുമാനം കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനത്തിന്‍റേതാണ് ഇടിവ്. 2025 ലെ ആദ്യപാദത്തേക്കാള്‍ കയറ്റുമതി വോളിയം ഉയര്‍ന്നിട്ടും വരുമാനം കുറയുകയാണുണ്ടായത്.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനപ്പുറം ഇന്ത്യ– യു.എസ് നയതന്ത്ര ബന്ധത്തിലെ പിരിമുറുക്കങ്ങളും ട്രംപിനെ ചൊടിപ്പിച്ചു എന്നൊരു വിലയിരുത്തലുണ്ട്. ഇന്ത്യ-പാകിസ്ഥാൻ സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ചെന്ന ട്രംപിന്‍റെ അവകാശവാദങ്ങളെച്ചൊല്ലി നയതന്ത്ര പിരിമുറുക്കം നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യൻ ഇറക്കുമതിയെ ട്രംപ് ലക്ഷ്യമിടുന്നത്. ലോക്സഭയില്‍ ജൂണ്‍ 30 തിനുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്‍റെ വാദങ്ങളെ തള്ളിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ ഒരു വിദേശ രാജ്യത്തിന്‍റെയും മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നാണ് മോദി പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഒരു ലോക നേതാവും ആവശ്യപ്പെട്ടിട്ടില്ല എന്നും മോദി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ– പാക്ക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ട്രംപിന്‍റെ സ്ഥിരം വാചകമടിക്ക് കിട്ടിയ തിരിച്ചടിയായിരുന്നു ഇത്. മോദിയുടെ പ്രസ്താവന ട്രംപിന്‍റെ ഈഗോയെ പുറത്തുചാടിച്ചു എന്നാണ് വിലയിരുത്തല്‍.