ജറുസലേമിലെ അതിവിശുദ്ധമായ അൽ അഖ്‌സ മസ്ജിദ് കോമ്പൗണ്ടിൽ പ്രാർഥന നടത്തി ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി.  പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഉടമ്പടിക്ക് വിരുദ്ധമായിരുന്നു മന്ത്രിയുടെ നടപടി. ജൂതമത വിശ്വാസികൾക്ക് ടെംപിൾ മൗണ്ട് എന്നറിയപ്പെടുന്ന കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ കോമ്പൗണ്ടിൽ ഇറ്റാമർ ബെൻ ഗ്വിർ ജൂത പ്രാർഥനകൾക്ക് നേതൃത്വം നൽകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സംഭവം വന്‍ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.    

ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ഉടമ്പടിയാണ് മന്ത്രി ലംഘിച്ചത്. ജൂതമത വിശ്വാസികൾക്ക് ഈ സ്ഥലം സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും പ്രാർഥന നടത്താൻ അനുവാദമില്ല. അതേസമയം, മുസ്ലീം ആരാധനയ്ക്ക് മാത്രമാണ് അനുമതിയുള്ളതെന്ന നിലവിലെ സ്ഥിതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കി.

സ്ഥലത്തിന്‍റെ സംരക്ഷകരായ ജോർദാൻ, ഇറ്റാമർ ബെൻ ഗ്വിറിന്‍റെ സന്ദർശനത്തെ ‘അസ്വീകാര്യമായ പ്രകോപനം’ എന്ന് വിശേഷിപ്പിച്ചു. പലസ്തീൻ ജനതയ്ക്കെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ആഴം കൂട്ടുന്നതാണ് സംഭവമെന്ന് ഹമാസ് പറഞ്ഞു. പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ വക്താവ് ഈ സന്ദർശനം എല്ലാ അതിരുകളും ലംഘിച്ചെന്ന് പ്രതികരിച്ചു.

ദേശീയ സുരക്ഷാ മന്ത്രി എന്ന നിലയിൽ പൊലീസിന്‍റെ ചുമതലയുള്ള ഇറ്റാമർ ബെൻ ഗ്വിർ മുമ്പും ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ടെങ്കിലും, പരസ്യമായി പ്രാർഥന നടത്തുന്നത് ഇതാദ്യമായാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. കോമ്പൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴും സന്ദർശിക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടി മന്ത്രിക്കുണ്ടായിരുന്നു.

ENGLISH SUMMARY:

Israel's National Security Minister, Itamar Ben-Gvir, sparked major controversy by praying at the Al-Aqsa Mosque compound in Jerusalem—violating a long-standing status quo agreement that prohibits Jewish worship at the site. Though Jews can visit the compound, prayer is reserved exclusively for Muslims. Videos and photos of the minister praying have gone viral, prompting strong condemnation from Jordan, Palestine, and Hamas. The Palestinian Authority called it a breach of all red lines. This is reportedly the first time Ben-Gvir has publicly prayed at the site despite previous visits.