റഷ്യയിലെ കിഴക്കന്‍ മേഖലയിലുള്ള അഗ്നിപര്‍വതം 500 വര്‍ഷത്തിനിടയില്‍ ആദ്യമായി പൊട്ടിത്തെറിച്ചു.കാംചട്കയിലെ ക്രാഷെനിന്നികോവ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്.കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പവുമായി ഈ അഗ്നിപര്‍വത സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സ്ഫോടനത്തില്‍ ആറ് കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചാരം ഉയര്‍ന്നുപൊങ്ങിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയൊന്നുമില്ലെന്ന് റഷ്യന്‍ അടിയന്തര മന്ത്രാലയം അറിയിച്ചു.
ഇതിനുപുറമെ മണിക്കൂറുകള്‍ക്കുശേഷം മറ്റൊരുവലിയഭൂകമ്പം കൂടി റഷ്യയില്‍ അനുഭവപ്പെട്ടു. ഇതോടെ ഉപദ്വീപിലെ മൂന്ന് പ്രദേശങ്ങള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റഷ്യയില്‍ അനുഭവപ്പെട്ടിരുന്നു.ഇതിന്‍റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പോളിനേഷ്യയിലും ചിലിയിലും വരെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ശക്തമായ തുടർ ചലനങ്ങളുണ്ടാവുമെന്ന് റഷ്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.
ക്രാഷെനിന്നികോവ് അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നുവെന്ന്കാംചട്ക വോൾക്കാനിക് ഇറപ്ഷൻ റെസ്പോൺസ് ടീം മേധാവി ഓൾഗ ഗിരിന പറഞ്ഞു.ഇപ്പോഴുണ്ടായ സ്ഫോടനത്തിന് കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പവുമായി ബന്ധമുണ്ടാകാമെന്നും അദ്ദേഹം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.