ഗള്‍ഫില്‍ വേനലവധി മുന്നില്‍ കണ്ട് നിരക്ക് കുത്തന കുറച്ചെങ്കിലും എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും തിരഞ്ഞെടുക്കുന്നതില്‍ യാത്രക്കാര്‍ക്ക് വൈമുഖ്യമെന്ന് റിപ്പോര്‍ട്ട് . യാത്രക്കാരേറെയും മറ്റ് എയര്‍ലൈനുകള്‍ തേടിപ്പോകുന്നതായാണ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുമുള്ള വിമാനടിക്കറ്റ് നിരക്കുകളാണ് എയർ ഇന്ത്യ കുത്തനെ കുറച്ചത്. പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ എയർ ഇന്ത്യ ടിക്കറ്റിന് പകുതിയിലധികം വില കുറച്ചിട്ടും യാത്രക്കാർ കയറാൻ മടിക്കുന്ന സ്ഥിതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സമീപ ആഴ്ചകളിൽ, സോഷ്യൽ മീഡിയയിൽ എയർ ഇന്ത്യയുടെ വിമാനത്തെപ്പറ്റി ഒട്ടേറെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ തകരാറുകൾ, വിമാനത്തിനുള്ളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ, വിമാനം വൈകി പുറപ്പെടുന്നത്, വിമാനം റദ്ദാക്കുന്നത് തുടങ്ങി അപാകതകൾ എടുത്ത് കാട്ടിയുള്ള വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് 242പേരിൽ 241പേരും മരിച്ചത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഈ അപകടത്തിന് ശേഷം എയർ ഇന്ത്യയുടെ സാങ്കേതിക പ്രശ്‌നം എടുത്തുകാട്ടി സോഷ്യൽ മീഡിയയിൽ ഒട്ടേറെ വിഡിയോകൾ പ്രചരിച്ചിരുന്നു. ഇതും യാത്രക്കാരിൽ ഭയമുണ്ടാക്കിയെന്നാണ് കരുതുന്നത്.
യാത്രക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി കണ്ട് അറ്റകുറ്റപ്പണി കൃത്യമായി നടത്തി മികച്ച യാത്രാനുഭവം യാത്രക്കാർക്ക് നൽകാനാണ് ശ്രമിക്കുന്നതെന്നും, ഏതൊരു എയർലൈനിനും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മാത്രമേ എയർ ഇന്ത്യക്കും ഉണ്ടാകാറുള്ളു എന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പ്രതികരിച്ചു.
ഈ മാസം വിവിധ റൂട്ടുകളിൽ എയർലൈനിന് ഒന്നിലധികം തടസ്സങ്ങൾ നേരിട്ടതായി ഖലീജ് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലെ യാത്രക്കാർ എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നം, ബാഗേജ് കൈകാര്യം ചെയ്യൽ എന്നിവയെക്കുറിച്ച് ട്രാവൽ ഏജന്റുമാരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ, യുഎഇയിലെ യാത്രക്കാരെ കൂടുതൽ ആളങ്കാകുലരാക്കുന്നുണ്ട്.