നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പങ്കിടരുതെന്ന് ഭര്‍ത്താവ് ടോമി തോമസ്. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് ഇത് തടസമായി മാറും. എംബസിയോ തന്‍റെ കുടുംബമോ അറിയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നു. സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ ചിലരാണ് ഇതിനു പിന്നിലെന്നും ടോമി കുറ്റപ്പെടുത്തി.
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വീണ്ടും ആശയക്കുഴപ്പമുണ്ടായിരുന്നു. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാല്‍ കുടുംബം ആവശ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ തീയതി നിശ്ചയിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടെന്നും ഇതുസംബന്ധിച്ച അറ്റോണി ജനറലിന് കത്തു നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നത് സംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്താന്‍ തീരുമാനമായെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടില്ല.