ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ വ്യാജഅപകടം സൃഷ്ടിച്ച ഇന്ത്യക്കാരിക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ സിംഗപ്പൂര്‍ സ്വദേശിനി മരിച്ചു. മരണത്തില്‍ ദുരൂഹത നിറയ്ക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് ചാനല്‍ ന്യൂസ്ഏഷ്യ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ജെയിന്‍ ലീ എന്ന സിംഗപ്പൂര്‍ സ്വദേശിനി ഇന്ത്യക്കാരിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ലീയുടെ മരണം സംഭവിക്കുന്നത്. ്‘സുമോ സാലഡ് ’എന്ന ഹോട്ടല്‍ ഉടമയായ ലീ മരണത്തിനും രണ്ടു ദിവസം മുന്‍പാണ് സ്രാന്‍ കിരണ്‍ജീത് കൗര്‍ എന്ന ഇന്ത്യക്കാരിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്. കിരണ്‍ജീതിന്റെ തൊഴില്‍കരാര്‍ അവസാനിക്കാന്‍ രണ്ടു ദിവസം ശേഷിക്കേ ജോലിസ്ഥലത്ത് വീണുപരുക്കേറ്റെന്ന് വ്യാജകഥ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് പണം തട്ടാന്‍ ശ്രമിച്ചെന്നാണ് ലീ പോസ്റ്റില്‍ പറഞ്ഞത്.
നാല്‍പതുകാരിയായ ലീയുെട അപ്രതീക്ഷിത മരണത്തില്‍ സിംഗപ്പൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ലീ. മരണത്തിന് ഒരു ദിവസം മുന്‍പാണ് ലീ കിരണ്‍ജീതിനെതിരെ ആരോപണം ഉന്നയിച്ചത്.
‘ഇന്ത്യയിൽ നിന്നുള്ള സ്രാൻ കിരൺജീത് കൗർ എന്ന സ്ത്രീ, നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഒരു വ്യാജ തൊഴിൽപരമായ പരിക്ക് ക്ലെയിം ഫയൽ ചെയ്യാൻ ഒരു അപകടം കെട്ടിച്ചമച്ചു. പണത്തിന് വേണ്ടി മാത്രം ഒരാൾക്ക് ഇങ്ങനെയൊരു വഞ്ചന കാണിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളിയായ സ്രാൻ കിരൺജീത് കൗർ ജോലി തേടിയാണ് എന്നെ സമീപിച്ചിരുന്നത്. ജോലി നല്‍കി, അവരുടെ കരാർ അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ, മാലിന്യം കളയാൻ എസ്കലേറ്ററിൽ പോകുമ്പോൾ കാൽ വഴുതി വീണു എന്ന് ഒരു വ്യാജഅപകടം കെട്ടിച്ചമച്ചു. അന്ന് കിരണ്‍ജീതിന് നേരത്തെ ജോലി കഴിഞ്ഞു പോകേണ്ടതായിരുന്നു, പക്ഷേ മനഃപൂർവം അവിടെ തങ്ങി. ഈ അപകടം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, ഒരു വ്യാജ തൊഴിൽക്ലെയിം ഫയൽ ചെയ്യാനുള്ള ശ്രമമാണെന്നും എനിക്ക് വ്യക്തമായി മനസ്സിലായി’–ഇതായിരുന്നു ലീയുടെ പോസ്റ്റ്.
കിരണ്‍ജീത് കൗറിന് യഥാർത്ഥത്തിൽ പരിക്കേറ്റിട്ടില്ലെന്നും, നഷ്ടപരിഹാരത്തിന് വേണ്ടി അപകടം വ്യാജമായി ഉണ്ടാക്കിയതാണെന്നും തെളിയിക്കാൻ തന്റെ പക്കൽ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും ലീ പറഞ്ഞു. അവർ സാധാരണപോലെ നടക്കുന്നതും പാചകം ചെയ്യുന്നതും ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കുന്നതും താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതേസമയം മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഡോക്ടർമാരുടെ മുന്നിൽ വെച്ച് അവരുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ വരും. അവിടെ കിരണ്‍ജീത് കൗര്‍ ആരോഗ്യാവസ്ഥയെ മോശമായി കാണിക്കുകയും ഗുരുതരമായ പരിക്ക് അഭിനയിക്കാൻ മുടന്തി നടക്കുകയും ചെയ്യുന്നു. കൗറിന്റെ പല മെഡിക്കൽ അപ്പോയിന്റ്മെന്റുകൾക്കും ഒപ്പം പോയി നിരീക്ഷിച്ചിട്ടുണ്ടെന്നും ലീ പറഞ്ഞു.
ഭര്‍ത്താവുമൊത്ത് വ്യാജ ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാനായി ഇവര്‍ ചെറിയ തൊഴില്‍ സംരംഭകരെയാണ് ഇരകളാക്കുന്നതെന്നും ലീ പറഞ്ഞു. തന്നെപ്പോലെ പലരും ഈ തട്ടിപ്പുകാരുടെ ഇരകളായിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും സിംഗപ്പൂര്‍ സര്‍ക്കാറിനോടും പൊലീസിനോടും പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്റിട്ടതിനു പിന്നാലെ ലീ മരിച്ചെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്.