ഷാര്‍ജയിലില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും‌. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിയില്‍ സംസ്കരിക്കും. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാരം. കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അമ്മ പറഞ്ഞു. Also Read: 'നിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് വീട്ടിലെത്തിച്ചു'; ലൈംഗിക വൈകൃതങ്ങളില്‍ വിപഞ്ചിക പൊറുതിമുട്ടി

അതേസമയം, കൊല്ലം സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. 

വിപഞ്ചികയുടെയും മകളുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിപഞ്ചികയുടെ അമ്മയുടെ സഹോദരി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജിയിലുള്ളതെല്ലാം കുടുംബത്തിന്റെ ആരോപണങ്ങളല്ലെയെന്ന് കോടതി ചോദിച്ചു. മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കാനാകും? ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും, ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്തെന്നും കോടതി. മതപരമായ ചടങ്ങുകൾ നടത്തേണ്ടതുണ്ട് എന്ന് കുടുംബം. മതപരമായ വിഷയം എന്നതിനപ്പുറം നിയമപരമായ വശം കൂടി നോക്കണമെന്ന് പറഞ്ഞ കോടതി, ഭർത്താവിന്റെയും എംബസിയുടെയും അടക്കം നിലപാട് അറിയണമെന്നും വ്യക്തമാക്കി. ഹർജിയിൽ ഭർത്താവിനെ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച എൻ.നഗരേഷ് ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

വിപഞ്ചികയേയും മകൾ വൈഭവിയേയും ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഷാർജയിൽ പോസ്റ്റ്മോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടണം. വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ENGLISH SUMMARY:

The body of Vipanchika, the Malayali woman who died in Sharjah, will be brought back to Kerala. Her daughter Vaibhavi’s body will be buried in Dubai. This decision was made during discussions held at the Indian Consulate. Vipanchika’s mother stated that a complaint will be filed with Sharjah Police against her husband Nitheesh.