modi-yunus
  • മോദിക്ക് ആയിരം കിലോ ‘ഹരിഭംഗ’ അയച്ച് യൂനുസ്
  • മുഹമ്മദ് യൂനുസിന്റെ പുതിയ നയതന്ത്രം?
  • ചരക്ക് ഇന്ന് ഡല്‍ഹിയില്‍ എത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധുരം നല്‍കി ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്. ഇന്ത്യയ്ക്കുനേരെ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലാദേശ് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ആണ് രംഗത്തെത്തിയത്. അയല്‍ക്കാര്‍ തമ്മില്‍ മധുരം പങ്കുവച്ചാല്‍ പ്രശ്നങ്ങള്‍ തീരുമെന്ന നിഗമനത്തിലാണ് യൂനുസ്. മോദിക്കായി പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ചാണ് യൂനുസ് ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിലവിലുളള എല്ലാ പ്രശ്നങ്ങളും ധാക്കയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ഒരാഴ്ച്ചക്കുള്ളിലാണ് അതിര്‍ത്തി കടന്ന് മാങ്ങയെത്തുന്നത്. 

മാങ്ങയടങ്ങുന്ന ചരക്ക് ഇന്ന് ഡല്‍ഹിയിലെത്തുമെന്നാണ് തലസ്ഥാനത്തെ ഹൈക്കമ്മീഷന്‍ വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ബീംസ്റ്റെക് ഉച്ചകോടിയുടെ ഭാഗമായി മോദിയും യൂനുസും അവസാനമായി കണ്ടത്. ഷെയ്ഖ് ഹസീന വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അപ്രീതി ഉടലെടുത്തതിനു ശേഷമുള്ള കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. ജനാധിപത്യത്തിലൂന്നിയ സ്ഥിരതയുള്ള സമാധാനപരമായ ഒരു സര്‍ക്കാര്‍ ബംഗ്ലാദേശില്‍ ഉണ്ടാവണമെന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും അന്ന് മോദി ആവര്‍ത്തിച്ചിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ദീർഘകാല സഹകരണം ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

mango-india

മോദിക്കു മാത്രമല്ല അതിര്‍ത്തി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ക്കും യൂനുസ് ‘ഹരിഭംഗ’ അയച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും ചരക്കെത്തും. ബംഗ്ലാദേശിലെ പ്രധാന മാങ്ങയിനമാണ് ഹരിഭംഗ. ഷെയ്ഖ് ഹസീന സര്‍ക്കാറിന്റെ കാലത്തുതന്നെ ഇന്ത്യയിലേക്ക് മാങ്ങ സമ്മാനമായി നല്‍കാറുണ്ടെങ്കിലും അതിനു പിന്നില്‍ സ്നേഹവും സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ യൂനുസിന്റെ കൈകകളില്‍ ഭരണമെത്തിയതോടെ ഇന്ത്യയ്ക്കെതിരായ പ്രസ്താവനകളും നയതന്ത്രനീക്കങ്ങളുമായിരുന്നു കാണാന്‍ സാധിച്ചിരുന്നത്. 

ചൈനയും പാക്കിസ്ഥാനുമായി ബന്ധം സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ യൂനുസിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് അതിര്‍ത്തിമേഖലയിലെ അസ്ഥിരതയ്ക്ക് കാരണമായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്വാധീനം വ്യാപിപ്പിക്കാനുള്ള ബീജിങ്ങിന്റെ ശ്രമങ്ങള്‍ക്ക് ശക്തി പകരുന്ന നീക്കങ്ങളാണ് ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുണ്ടായത്. ആയുധ കരാറുകളിലൂടെയും വായ്പകളിലൂടെയും, പാകിസ്താനിലും ബംഗ്ലാദേശിലും ഉൾപ്പെടെ ചൈന സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയ്ക്കെതിരെ ആപ് വയ്ക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങിയത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന മാങ്ങയെ നയതന്ത്രചരക്കായി തന്നെയാണ് കാണാനാവുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

ENGLISH SUMMARY:

To sweeten ties with India, Bangladesh has turned to mango diplomacy. Interim leader Mohammad Yunus is leading the initiative, sending 1,000 kilograms of the famed 'Haribhanga' mangoes to Prime Minister Narendra Modi. Yunus believes that when neighbors share sweetness, tensions can be resolved. The gesture is seen as a move to rebuild and strengthen bilateral relations.