യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാനപോംവഴികളിലൊന്ന്. 

തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും.

അതേസമയം, യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. നിമിഷയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര മാർഗങ്ങളിലൂടെ അടിയന്തരമായി ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് "സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹര്‍ജി നല്‍കിയത്.  16ന് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവെന്നും നാളെത്തന്നെ ഹര്‍ജി പരിഗണിക്കണമെന്നും അവധിക്കാല ബെഞ്ചിനുമുന്നില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രത്തിന്‍റെ മറുപടികൂടി അറിയാനായി തിങ്കളാഴ്ച്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു.  കേന്ദ്രസര്‍ക്കാരിന് മുന്‍കൂര്‍ നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു.  കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബം ദയാധനം സ്വീകരിക്കാൻ സമ്മതിച്ചാൽ നിമിഷയെ മോചിപ്പിക്കാമെന്നും അതിനായി സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആക്ഷണ്‍ കൗണ്‍സിലിന്‍റെ ഭാഗമായ അഭിഭാഷകൻ കെ.ആര്‍.സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

ENGLISH SUMMARY:

Samuel Jerome, a human rights activist in Yemen, has stated that three offers have been put forward for the release of Nimisha Priya, who is currently in prison facing the death penalty in Yemen. The offers include a mercy payment of 1 million dollars and providing free cerebrospinal surgeries for five individuals recommended by the family of Talal.