പറക്കുന്നതിനിടയിൽ അലാസ്ക എയർലൈൻസ് വിമാനത്തിന്റെ വാതിൽ തെറിച്ചുപോയ സംഭവത്തിൽ വിമാനം നിർമിച്ച ‘ബോയിങ്’ കമ്പനിയെ യുഎസിലെ നാഷനൽ സേഫ്റ്റി ട്രാൻസ്പോർട്ട് ബോർഡ് വിമർശിച്ചു. പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്ന അലസ്ക എയർലൈൻ ബോയിങ്ങ് 737 വിമാനത്തിന്‍റെ ദൃശ്യം വൈറലായിരുന്നു.
ഓറിഗനിലെ പോർട്‌ലാൻഡ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 മാക്സ് 9 വിമാനത്തിന്റെ വാതിലാണ് ജനുവരി അഞ്ചിനു തെറിച്ചുപോയത്. 14,830 അടി ഉയരത്തിൽ എത്തിയപ്പോഴാണ് എമർജൻസി വാതിലായി പ്രവർത്തിക്കുന്ന ജാലകഭാഗം അടർന്നു പോയത്. ഉടൻ വിമാനം തിരിച്ചിറക്കാനായതിനാൽ അപകടമുണ്ടായില്ല. ജീവനക്കാർക്ക് പരിശീലനവും മാർഗനിർദേശവും നൽകുന്നതിൽ ബോയിങ്ങിന് വീഴ്ച പറ്റിയതായി എൻടിഎസ്ബി കണ്ടെത്തി.
174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സമൂഹമാധ്യമയായ 'എക്സിൽ' പ്രചരിച്ച വിഡിയോയിൽ ഡോർ തകർന്നതിനെ തുടർന്നുണ്ടായ ദ്വാരം കൃത്യമായി കാണാം. ലോകത്ത് തന്നെ എറ്റവും പ്രശസ്തമായ വിമാനങ്ങളിൽ ഒന്നാണ് ബോയിങ്ങ് 737 മാക്സ്.