ഈ വര്‍ഷം ഫെബ്രുവരി 28ന് വൈറ്റഹൗസിലെത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചേര്‍ന്ന് അപമാനിച്ചിറക്കിവിട്ട കാഴ്ച ലോകം കണ്ടതാണ്. നയതന്ത്രചരിത്രത്തിലെ വിവാദ ആധ്യായം. ആ കാഴ്ചയില്‍ നിന്നാണ് ലോകം അലാസ്കയിലേക്ക് കണ്ണുനട്ടത്. പക്ഷേ അവിടെക്കണ്ടത് നേരേ മറിച്ചായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ലോകം ഉപരോധങ്ങളാലും ഒറ്റപ്പെടുത്തലുകളാലും വിമര്‍ശിക്കുന്ന ഒരു രാജ്യത്തിന്റെ നേതാവിനെ, പുട്ടിനെ, യുഎസ് ഊഷ്മളമായി സ്വീകരിക്കുന്ന കാഴ്ച. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ ലക്ഷ്യമിട്ട് അമേരിക്ക നിര്‍മിച്ച ബി2, എഫ് 22 യുദ്ധവിമാനങ്ങള്‍ പുട്ടിനെ ആകാശാഭിവാദ്യം ചെയ്തു. പത്തുമിനിട്ടോളം നീണ്ട യാത്ര ട്രംപിനൊപ്പം ഔദ്യോഗിക വാഹനമായ ‘ദ ബീസ്റ്റ്’ല്‍. ചിരിച്ച മുഖവുമായി ബീസ്റ്റിന്റെ സൈസ് സീറ്റിലിരിക്കുന്ന പുട്ടിനെ കണ്ടാലറിയാം ആദ്യവിജയം പുട്ടിനൊപ്പമായിരുന്നുവെന്ന്.
ചിലത് പറഞ്ഞ്; ചിലത് പറയാതെ പുട്ടിന്‍ !
മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്കെത്തിയ പുട്ടിനില്‍ ഒരു വിജയിയുടെ ശരീരഭാഷ കാണാമായിരുന്നു. 11–12 മിനിട്ട് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ എട്ടുമിനിട്ടോളമെടുത്ത് പുട്ടിന്‍ പറയാനുള്ളതൊക്കെ പറഞ്ഞു. ചിലത് പറയാതെ വിട്ടു. യുദ്ധം തുടങ്ങിയകാലത്തെ യുഎസ് ഭരണകൂടത്തോട് പറയാനുള്ളതൊക്കെ പറഞ്ഞിരുന്നുവെന്നും ട്രംപായിരുന്നു അന്ന് ഭരണാധികാരിയെങ്കില്‍ യുദ്ധം നടക്കില്ലായിരുന്നുവെന്നുമുള്ള തുറന്നുപറച്ചില്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡനുള്ള പരോക്ഷ വിമര്‍ശനമായിരുന്നു. യുക്രെയ്നെ സഹോദരരാജ്യമെന്ന് വിളിച്ച പുട്ടിന്‍, ‘നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക’, ‘ട്രംപ് നിങ്ങളെ എന്തിന് വിശ്വസിക്കണം’ തുടങ്ങി യുഎസ് മാധ്യമപ്രവര്‍ത്തരുടെ ചില ചോദ്യങ്ങള്‍ അവഗണിച്ചു.
ചര്‍ച്ചയില്‍ കണ്ടതും കേട്ടതും
എന്തായിരുന്നു അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയെന്ന് രണ്ടുനേതാക്കളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, യുദ്ധം അവസാനിപ്പിക്കുമ്പോള്‍ ഇപ്പോള്‍ പിടികൂടിയ ഭൂപ്രദേശങ്ങളില്‍ ചിലതെങ്കിലും വിട്ടുകൊടുക്കണമെന്ന സെലന്‍സ്കിയുടെ ആവശ്യമാണ് ട്രംപ് മുന്നോട്ടുവച്ചതെന്നാണ് സൂചന. 2014 ല്‍ പിടിച്ചടക്കിയ ക്രൈമിയ, കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ പിടിച്ചെടുത്ത ഖേഴ്സന്‍, ഡോണെറ്റ്സ്ക്, ആണവനിലയമുള്ള സാപൊറീഷ്യ, , ലുഹാൻസ്ക് എന്നിവ വിട്ടുകൊടുക്കണമെന്ന സെലന്‍സ്കിയുടെ ആവശ്യം പുട്ടിന്‍ പൂര്‍ണമായും അംഗീകരിക്കില്ലെന്ന് നേരത്തേ അറിയിച്ചതാണ്. അതിനാല്‍തന്നെ ട്രംപ് ഇക്കാര്യത്തില്‍ വാശിപിടിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ചര്‍ച്ച കഴിഞ്ഞു; ഇനിയെന്ത്?
രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ട്രംപും പുട്ടിനും അനുകൂലമായാണ് പ്രതികരിച്ചത്. അടുത്ത ചര്‍ച്ച മോസ്കോയിലാകാമെന്ന് പുട്ടിന്‍ പറഞ്ഞെങ്കിലും ട്രംപ് അതിനോട് സമ്മതം മൂളിയിട്ടില്ല. സെലന്‍സ്കിയെക്കൂടി ചര്‍ച്ചയില്‍ കൊണ്ടുവരാനാകും ട്രംപിന്റെ നീക്കം. അങ്ങനെയെങ്കില്‍ അത് സുപ്രധാനമായിരിക്കും. ചര്‍ച്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പുട്ടിനുമായി കരാറിന് അടുത്തെത്തിയെന്നും ഇനി യുക്രെയ്നാണ് കരാറിലേക്കെത്തേണ്ടതെന്നും ട്രംപ് തുറന്നുപറഞ്ഞത് സെലന്‍സ്കിക്കുള്ള സന്ദേശമാണ്. ‘മേക് എ ഡീല്‍’ അതാണ് സെലന്‍സ്കിയോട് പറയാനുള്ളതെന്ന് ട്രംപ് തുറന്നുപറയുന്നു. നാറ്റോ സഖ്യകക്ഷികളെ പുട്ടിന്റെ നിലപാട് അറിയിക്കുകയും അതിലേക്ക് സെലന്‍സ്കിയെ എത്തിക്കുകയും ചെയ്യുകയായിരിക്കും ട്രംപിന്റെ അടുത്തവഴിയെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ക്കപ്പുറം നയതന്ത്രതലത്തിലും വിജയം പുട്ടിനൊപ്പമായിരിന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും. അത് ഇനിയുള്ള കാലത്ത് യുക്രെയ്ന് തീരാഭീഷണിയുമായിരിക്കും.