ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല. ആക്രമണത്തിൽ ആർക്കെങ്കിലും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു.
ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു. അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.