1965-ൽ മുംബൈയിൽ നിന്ന് കപ്പൽമാർഗ്ഗം യുഎഇയിലെത്തിയ ഒരു പ്രവാസിക്ക് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം യുഎഇയുടെ ഔദ്യോഗിക വരവേൽപ്പ്. ആലപ്പുഴ മാവേലിക്കര കൊള്ളക്കടവ് സ്വദേശി, 90 വയസ്സുകാരനായ എൻ. ജമാലുദ്ദീൻ ഹാജിയെയാണ് ദുബായ് എയർപോർട്ട്സ് പ്രത്യേക ഇമിഗ്രേഷൻ മുദ്ര പതിച്ച് ആദരിച്ചത്. യുഎഇയുടെ രൂപീകരണത്തിന് മുൻപ്, ദുബായിലെത്തിയ പ്രവാസിക്ക് രാജ്യത്തിന്‍റെ ആദരവ്.
ജമാലുദ്ദീൻ ഹാജി അന്ന് ദുബായിൽ കപ്പലിറങ്ങുമ്പോൾ ഇവിടം ബ്രിട്ടീഷ് സംരക്ഷണയിലുള്ള ട്രൂഷ്യൽ സ്റ്റേറ്റായിരുന്നു. അതിനാല്‍ അന്നത്തെ പാസ്പോര്‍ട്ടില്‍ യുഎഇ മുദ്ര പതിച്ചിരുന്നില്ല. ആറ് പതിറ്റാണ്ടുകൾക്കിപ്പുറം മകൻ ഡോക്ടർ റിയാസിന്റെ അഭ്യർത്ഥന മാനിച്ചാണ് ദുബായ് എയർപോർട്ട് അധികൃതർ ഔദ്യോഗികമായി പ്രത്യേക പ്രവേശന സ്റ്റാമ്പ് പതിച്ച് ജമാലുദ്ദീൻ ഹാജിയെ ആദരിച്ചത്.
ബികോം ബിരുദധാരിയായ ജമാലുദീൻ ഹാജി വിവിധ ബാങ്കുകളിൽ ജോലിചെയ്തിരുന്നു. പിന്നീട് വിദ്യാഭ്യാസ രംഗത്തേക്ക് തിരിഞ്ഞു.1984-ൽ കേവലം 30 കുട്ടികളുമായി തുടങ്ങിയ ക്രസന്റ് സ്കൂൾ, ഇന്ന് 1,700-ലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന വലിയ സ്ഥാപനമായി വളർന്നു. സാധാരണക്കാർക്ക് താങ്ങാനാവുന്ന ഫീസിൽ മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ദുബായുടെ മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ് പ്രചോദനമെന്ന് ജമാലുദ്ദീൻ ഹാജി പറയുന്നു.
ഭാര്യ സീനത്തും ആറ് മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് ജമാലുദ്ദീൻ ഹാജിയുടെ കുടുംബം. നവതിയിലെത്തി നിൽക്കുമ്പോഴും എല്ലാ ദിവസവും സ്കൂളിലെത്തി കുട്ടികളെ കാണാനും ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സമയം കണ്ടെത്തുന്നു. ഒരു രാജ്യവും അവിടേക്കുകടന്നു വന്നൊരു പ്രവാസിയും തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ കാഴ്ച.