TOPICS COVERED

ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ബുഷെഹര്‍ ആണവനിലയം ആക്രമിച്ച് ഇസ്രയേല്‍. ബുഷെഹര്‍ ഉള്‍പ്പെടെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേല്‍ ഇറാന്‍ പരമോന്നത നേതാവ്  ആയത്തുല്ല ഖമനയിക്ക് അന്ത്യശാസനം നല്‍കി. ഖമനയിയെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കുമെന്നാണ് പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം. ഇസ്രയേലിലെ  വലിയ ആശുപത്രികളില്‍ ഒന്നായ സൊറോക്കയില്‍ ഉള്‍പ്പെടെ ഇറാന്‍ വ്യോമാക്രമണം നടത്തി. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കര്‍മ്മ പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യംവയ്ക്കുന്ന ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ബുഷേഹറിനെതിരെ നടന്നത്. ഗള്‍ഫ് തീരത്തുള്ള ആണവനിലയമാണ് ബുഷെഹറിലേത്. റഷ്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ജോലിചെയ്യുന്ന ബുഷെഹർ നിലയത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുഷെഹര്‍ ആണവനിലയം ആക്രമിക്കുന്നത്  നിര്‍ത്തണമെന്ന് റഷ്യ ഇസ്രേയേലിനോട് ആവശ്യപ്പെട്ടു. ഇസ്ഫഹാൻ, നതാൻസ്  തുടങ്ങിയ ആണവകേന്ദ്രങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. അറാക്കിലെ  ഹെവി വാട്ടര്‍ റിയാക്ടര്‍ അണവനിലയത്തിനുനേരെയും ആക്രമണമുണ്ടായി. ഇസ്രയേല്‍ നഗരങ്ങളില്‍ ഇറാന്‍റെ കടുത്ത വ്യോമാക്രമണം തുടരുകയാണ്. മധ്യ, തെക്കന്‍ ഇസ്രയേലിലെ നാല് സ്ഥലങ്ങള്‍ ലക്ഷ്യംവച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. വലിയ ആശുപത്രികളില്‍ ഒന്നായ  ബീര്‍ ഷെവയിലെ സൊറോക്ക ആശുപത്രിക്കുനേരെയും മിസൈല്‍ ആക്രമണമുണ്ടായി. സാധാരണക്കാരെ ലക്ഷ്യംവയ്ക്കുന്ന ഇറാന്‍ പരമോന്നത നേതാവ് ഖമനയിയെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കുമെന്ന ഇസ്രയേല്‍ പ്രതിരോധമന്ത്രി കട്സ് പ്രഖ്യാപിച്ചു. അമേരിക്ക ഇസ്രയേലിനൊപ്പം വ്യോമാക്രമണത്തിൽ പങ്കുചേരുമോ എന്ന കാര്യത്തിൽ ആകാംഷ തുടരുന്നു. ഇറാന്‍റെ  ഫോര്‍ദോ ആണവകേന്ദ്രത്തില്‍ ആക്രമണം നടത്താനാണ് യുഎസ്  ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള സാധ്യതതേടി യുഎന്‍ രക്ഷാസമിതി നാളെ യോഗം ചേരും. ഇറാന്‍ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ യുറോപ്യന്‍ യൂണിയന്‍ അധികൃതരെ കാണും.

ENGLISH SUMMARY:

Israel has launched attacks on Iran’s operational Bushehr nuclear facility, along with two other nuclear centers. The assault was accompanied by a stern warning to Iran’s Supreme Leader Ayatollah Khamenei, with Israel’s Defense Minister declaring they would "wipe Khamenei off the face of the earth." Iran reportedly responded with airstrikes, including one targeting Soroka, one of Israel's major hospitals. Reports also suggest that the U.S. has drawn up a plan of action to assist in an assault on Iran.