കാനഡയിലെ ജി–7 ഉച്ചകോടിയില്‍ നിന്നു മടങ്ങവേ വാഷിങ്ടണ്‍ സന്ദര്‍ശിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയൊരു നാണക്കേടില്‍ നിന്നും രക്ഷിച്ചു. പാക്ക് സൈനികമേധാവി അസിം മുനീറുമായി അപ്രതീക്ഷിത കൂട്ടിമുട്ടല്‍ ഒഴിവായി.
എല്ലാ പ്രോട്ടോക്കോള്‍ കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തിയാണ് മുനീറിനെ ട്രംപ് ഉച്ചയൂണിനു ക്ഷണിച്ചത്. സാധാരണ രാഷ്ട്രത്തലവന്‍മാര്‍ക്കോ ഭരണത്തലവന്‍മാര്‍ക്കോ മാത്രം ലഭിക്കുന്ന ബഹുമതിയാണ് മുനീറിനു വച്ചുനീട്ടിയത്. അതു നടക്കുന്ന ദിവസം തന്നെ മോദി വാഷിങ്ടണിലെത്തിയിരുന്നെങ്കില്‍ നാണക്കേടാകുമായിരുന്നു. പഹല്‍ഗാമിലെ കൂട്ടക്കൊലയും തുടര്‍ന്നുണ്ടായ ഇന്ത്യന്‍ സൈനിക നടപടികളും വിശദീകരിക്കാന്‍ വാഷിങ്ടണിലെത്തിയ ഇന്ത്യന്‍ എംപിമാരുടേയും ഉദ്യോസ്ഥരുടേയും സംഘത്തിനു വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്താനേ സാധിച്ചുള്ളൂ എന്നതും മറക്കരുത്.
മറ്റൊരു രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ പോലും പ്രസിഡന്റുമായി നേരിട്ടു കൂടിക്കാഴ്ച്ചയോ ഒരുമിച്ചു ഭക്ഷണമോ പതിവില്ല. അങ്ങനെയൊരു വ്യക്തിയുമായി പ്രസിഡന്റിനു ചര്‍ച്ച നടത്തണമെന്നുണ്ടെങ്കില്‍ ആ വ്യക്തിയുെട ആതിഥേയനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനിടെയില്‍ പ്രസിഡന്റ് ഡ്രോപ് ഇന്‍ ചെയ്യുകയാണ് പതിവ്. ഉദാഹരണത്തിനു ഉപപ്രധാനമന്ത്രിയായിരുന്ന കാലത്ത് എല്‍.കെ അദ്വാനി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന അവസരത്തില്‍ ജോര്‍ജ് ബുഷ് ഡ്രോപ് ഇന്‍ ചെയ്യുകയായിരുന്നു. ഇറാന്‍ ഇസ്രയേല്‍ സ്പര്‍ധ ശരിക്കും മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍.