സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന സൂചനകളുമായി ഇസ്രയേല്‍–ഇറാന്‍ സംഘര്‍ഷം. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിനുനേരെ ആക്രമണം നടത്തിയതിനുപിന്നാലെ ടെഹ്റാനില്‍ അതിരൂക്ഷ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഒരു സൈനിക താവളത്തിലുള്‍പ്പെടെ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ യുദ്ധവിമാനങ്ങള്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തെന്നും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രം തകര്‍ത്തെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിനുനേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇസ്രായേലിനുനേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്‍ ടെല്‍ അവീവ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇസ്രയേല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
അതേ സമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇസ്രയേലിനെ യു.എസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ യു.എസിന് ഇടപെടാനാവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതേസമയം, യുദ്ധത്തില്‍ ഇറാന്‍ വിജയിക്കില്ലെന്നും ഏറെ വൈകാതെ ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എല്ലാവരും ടെഹ്റാന്‍ വിട്ടുപോകണമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി–സെവന്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയാറായില്ല