ഇസ്രയേലിനു നേർക്കുണ്ടായ ആക്രമണങ്ങൾക്ക് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും, നാശം വിതയ്ക്കാൻ ഒരുങ്ങുന്ന ശത്രുവിനെയാണ് നേരിടുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.
രാജ്യം വിട്ടുപോയെന്ന അഭ്യൂഹങ്ങൾക്കിടെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഈ യുദ്ധത്തിൽ അവസാന വിജയം ഇസ്രയേലിനായിരിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതിനിടെ ഇറാന്‍ മിസൈലാക്രമണത്തില്‍ ഇസ്രയേലിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്ക്. ഇറാനിലെ എണ്ണ, വാതകപാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കേന്ദ്രങ്ങളിലൊന്നായ ബുഷഹ്ര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സില്‍ ഇസ്രയേല്‍ മിസൈല്‍വര്‍ഷിച്ചതോടെ ആക്രമണം പുതിയതലത്തിലേക്ക് കടന്നു. ആക്രമണത്തെത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവച്ചു. ടെഹ്റാനിലെ എണ്ണപ്പാടവും പ്രതിരോധമന്ത്രാലയവും സൈനിക ഗവേഷണകേന്ദ്രവും ആണവകേന്ദ്രങ്ങളും ഇസ്രയേല്‍ ആക്രമിച്ചു.
കൊല്ലപ്പെട്ട സൈനികമേധാവി മുഹമ്മദ് ബാഗേരിയുടെ ഭാര്യയും മകളും കഴിഞ്ഞരാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ ടെല്‍ അവീവിലും ജറുസലേമിലുമടക്കം വിവിധയിടങ്ങളില്‍ ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ബാറ്റ് യാമില്‍ ജനവാസകേന്ദ്രത്തിനുനേരെയായിരുന്നു ആക്രമണം. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഹയ്ഫായിലെ എണ്ണശുദ്ധീകരണകേന്ദ്രവും ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ഫോണില്‍ ചര്‍ച്ച നടത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ഖത്തര്‍, ഫ്രാന്‍സ്, തുര്‍ക്കി രാജ്യങ്ങളുടെ ഭരണാധികാരികളുമായി ഫോണില്‍ ചര്‍ച്ച നടത്തി. സൗദിയുടെ നേതൃത്വത്തിലും സമാധാനത്തിനുളള ശ്രമം തുടരുകയാണ്.
ഇറാന്‍ നേരിട്ടോ അല്ലാതെയോ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്‍റെ ഭീഷണി. ഇസ്രയേല്‍ നിലവില്‍ നടത്തുന്ന ആക്രമണങ്ങളില്‍ യുഎസിന് പങ്കില്ലെന്നും ട്രംപ് വ്യക്തമാക്കി.