യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം നാലാം ദിനവും തുടരുന്നു. ലൊസാഞ്ചലസിന് പുറത്ത് ഇരുപതോളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ട്രംപിന്‍റെ നിര്‍ദേശപ്രകാരമെത്തിയ നാഷനല്‍ ഗാര്‍ഡുകളെയും മറീനുകളെയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കലിഫോര്‍ണിയയിലെ ഡെമോക്രാറ്റ് ഗവര്‍ണര്‍ കോടതിയെ സമീപിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നടപടികള്‍ക്കെതിരായാണ് കലിഫോര്‍ണിയയില്‍ പ്രക്ഷോഭം തുടങ്ങിയത്. ലൊസാഞ്ചലസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നടപ്പാക്കിയ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. വിവിധയിടങ്ങളില്‍ കടകളും വാഹനങ്ങളും കത്തിച്ചു. നഗരത്തിലെ ആപ്പിള്‍ സ്റ്റോര്‍ ആക്രമിച്ച് കവര്‍ച്ച നടത്തി.
അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ട്രംപ് 2000 നാഷനല്‍ ഗാര്‍ഡ് അംഗങ്ങളെക്കൂടി ലൊസാഞ്ചലസിലേക്ക് അയച്ചു. 700 മറീനുകളേയും നിയോഗിച്ചു. ന്യൂയോര്‍ക്ക്, ഷിക്കോഗോ തുടങ്ങിയ നഗരങ്ങളിലും ഐക്യദാര്‍ഡ്യ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ കടുത്തനടപടിയുണ്ടാകുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. അപകടാവസ്ഥ മാറുന്നതുവരെ നാഷണല്‍ ഗാര്‍ഡ് ലൊസാഞ്ചലസില്‍ തുടരും.
ലൊസാഞ്ചലസില്‍ 160, സാന്‍ ഫ്രാന്‍സിസ്കോയില്‍ 150പേരെയും ഓസ്റ്റിന്‍, ടെക്സസ് എന്നിവിടങ്ങളില്‍ നിന്ന് പത്തിലധികം പേരെയും അറസ്റ്റ് ചെയ്തു. അതിനിടെ, ട്രംപും ഡെമോക്രാറ്റിക് നേതാക്കളുമായുള്ള വാക്പോര് തുടരുകയാണ്. നാഷനല്‍ ഗാര്‍ഡിനെ പിന്‍വലിക്കണമെന്ന് കലിഫോര്‍ണിയയിലെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടി നഗരത്തെ നശിപ്പിക്കുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു. ട്രംപിന്‍റെ നടപടി ചോദ്യം ചെയ്ത് ന്യൂസം കോടതിയെ സമീപിച്ചു.