ഓസ്ട്രേലിയയിലെ അഡിലെയ്ഡില്‍ പൊലീസ് പീഡനത്തില്‍ ഇന്ത്യന്‍ വംശജന്‍ കോമയില്‍ . ഭാര്യയുമായി റോഡില്‍വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഗൗരവ് കന്റി(42)യാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായത് . 2020ല്‍ അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡ് കൊലപ്പെട്ടതിനു സമാനമായ ബലപ്രയോഗമാണ് ഗൗരവിന് നേരിടേണ്ടി വന്നത്.
പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ മുട്ടുവച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് ഗൗരവ് അബോധാവസ്ഥയിലായി. . തലച്ചോറിനും കഴുത്തിലെ ഞരമ്പുകള്‍ക്കുമുള്‍പ്പെടെ ഗുരുതരമായ പരുക്കുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഗൗരവും ഭാര്യ അമൃത്പാല്‍ കൗറും തമ്മില്‍ റോഡില്‍വച്ച് തര്‍ക്കമുണ്ടാവുകയും അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം ഇതു ശ്രദ്ധിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് വന്ന് ഗൗരവിനു നേരെ തിരിയുകയായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന തരത്തിലാണ് പൊലീസ് സംഭവത്തെ കൈകാര്യം ചെയ്തത്.
ഗൗരവിനെ വലിച്ചിഴച്ച് തറയിലേക്ക് തള്ളിയിടുകയും കഴുത്തില്‍ കാല്‍മുട്ടമര്‍ത്തുകയും ചെയ്തു. ഇതിനുപിന്നാലെ ഗൗരവ് അബോധാവസ്ഥയിലായി. ഈ സമയം പൊലീസിന്‍റെ ക്രൂരത അമൃത്പാല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഈ ദൃശ്യങ്ങള്‍ 9ന്യൂസ് ഉള്‍പ്പെടെ പുറത്തുവിട്ടു. ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് ഗൗരവ് പറയുന്നുണ്ടെങ്കിലും പൊലീസ് വിടാന്‍ തയ്യാറായില്ല. ഭാര്യയും പൊലീസിനോട് ഗൗരവിനെ വിടാനായി കരഞ്ഞപേക്ഷിച്ചെങ്കിലും ഗാര്‍ഹിക പീഡനത്തിന്‍റെ ഭാഗമായാണ് പൊലീസ് സംഭവത്തെ കണ്ടത്.
ഉടന്‍ തന്നെ ഗൗരവിനെ റോയല്‍ അഡ്‍ലെയ്ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലച്ചോറിനേറ്റ ഗുരുതരമായ പരുക്കിനെത്തുടര്‍ന്ന് കോമ അവസ്ഥയിലായി. മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് സൗത്ത് ഒസ്ട്രേലിയ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഗൗരവ്– അമൃത് ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.