നിലപാട് വിശദീകരിക്കാൻ ഇന്ത്യയുടെയും പാകിസ്ഥാന്‍റേയും എംപി സംഘങ്ങൾ ഒരേ സമയം അമേരിക്കയിൽ. US മധ്യസ്ഥത ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്ന് സർവ സംഘത്തലവൻ ശശി തരൂർ പ്രതികരിച്ചു. അതേ സമയം പാർലമെൻറിന്‍റെ പ്രത്യേക സമ്മേളനം അടക്കമുള്ളവ ചർച്ച ചെയ്യാൻ പ്രതിപക്ഷ എംപിമാരുടെ യോഗം ഡൽഹിയിൽ ചേരുകയാണ്. എന്നാൽ യോഗ വിവരം എല്ലാവരെയും അറിയിച്ചില്ലെന്ന് ഇടതു പാർട്ടികളടക്കമുള്ളവർ പരാതിപ്പെട്ടു
ഇന്ത്യ പാക്ക് വെടിനിർത്തൽ ധാരണയ്ക്ക് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം അമേരിക്ക ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യ - പാക് പ്രതിനിധി സംഘങ്ങൾ വാഷിംഗ് ടണ്ണിൽ എത്തിയിട്ടുള്ളത്. അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിക്കുന്നതിലെ ഇന്ത്യയുടെ നിലപാട് , ഇന്ത്യയെയും പാക്കിസ്ഥാനെയും ഒരു പോലെ കാണുന്നതിലെ അത്യപ്തി, ഓപ്പറേഷൻ സിന്ദൂർ നടത്താൻ ഉണ്ടായ സാഹചര്യം എന്നിവ സംഘതലവൻ ശശി തരൂർ അമേരിക്കയെ അറിയിക്കും
മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ബൂട്ടോയുടെ നേതൃത്വത്തിലാണ് 9 അംഗ പാക് സംഘം യുഎസില്‍ എത്തിയിട്ടുള്ളത്. ഇതിനിടെ ബിജെപി എംപി ബൈജയന്ത് പാണ്ടയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ തിരിച്ചെത്തി. തിരിച്ചെത്തിയ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. നാളെ മന്ത്രിതല സമിതി യോഗം വിളിച്ചിട്ടുണ്ട്.
പാക്കിസ്ഥാന് കൃത്യമായ സന്ദേശം നൽകി ഈ മാസം ആറിന് പ്രധാനമന്ത്രി ജമ്മുവിലെ ചെനാബ് റെയിൽവെ പാലം ഉദ്ഘാടനം ചെയ്യും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആവശ്യങ്ങൾ ഉന്നയിച്ച് എല്ലാ എംപിമാരും ഒപ്പിട്ട കത്ത് സർക്കാരിനയക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതിനിടെയും ഇന്ത്യ സഖ്യത്തിൽ വിള്ളൽ തുടരുകയാണ്.കൂടിയാലോചന നടക്കുന്നില്ലെന്ന് ഇടത് പാർട്ടികൾ ആരോപിച്ചു. അതേ സമയം ഓപ്പറേഷൻ സിന്ദൂരിന്റെ അടക്കം വിവരങ്ങൾ ഐഎസ്ഐയ്ക്ക് ചോർത്തിയ പാക് ചാരൻ ഗഗൻദീപ് സിങ് എന്നയാളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു.