india-usa

TOPICS COVERED

കാനഡയില്‍നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യക്കടത്തുകാരായ രണ്ടുപേര്‍ക്ക് തടവുശിക്ഷ. ഹര്‍ഷ്‌കുമാര്‍ രമന്‍ലാല്‍ പട്ടേല്‍, സ്റ്റീവ് ആന്റണി ഷാന്‍ഡ് എന്നിവരെയാണ് യുഎസിലെ കോടതി ശിക്ഷിച്ചത്. ഹര്‍ഷ്‌കുമാര്‍ പട്ടേലിന് പത്തുവര്‍ഷം തടവും സ്റ്റീവ് ആന്റണിക്ക് ആറുവര്‍ഷം തടവുമാണ് ശിക്ഷ. 

ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍, മക്കളായ വിഹാംഗി, ധര്‍മിക് എന്നിവരാണ് കാനഡയില്‍നിന്ന് യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തണുത്ത് മരവിച്ച് മരണത്തിന് കീഴടങ്ങിയത്. 2022 ജനുവരിയിലായിരുന്നു സംഭവം. പ്രതികളായ ഹര്‍ഷ്‌കുമാര്‍ പട്ടേലും സ്റ്റീവ് ആന്റണിയും 11 ഇന്ത്യക്കാരെയാണ് കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് കാല്‍നടയായി കടത്താന്‍ ശ്രമിച്ചത്. മൈനസ് 37.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഈ സമയം മേഖലയിലെ താപനില. ഇതിനിടെ, സ്റ്റീവിന്റെ വാഹനം മിനസോട്ടയിലെ മഞ്ഞില്‍ കുടുങ്ങിയനിലയില്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ കണ്ടെത്തി. എന്നാല്‍, തനിക്കൊപ്പം മറ്റാരുമില്ലെന്നും ആരും മഞ്ഞില്‍ കുടുങ്ങിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.

ഇതിനിടെ, മറ്റ് അഞ്ചുപേരെകൂടി ബോര്‍ഡര്‍ പട്രോള്‍ സംഘം കണ്ടെത്തി. ഇതിലൊരാളെ ആരോഗ്യനില മോശമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്തു. മറ്റുള്ളവരെയും സ്റ്റീവിനെയും കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഇതിനുശേഷമാണ് ജഗദീഷ് പട്ടേലിനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടത്. ആളൊഴിഞ്ഞസ്ഥലത്തായിരുന്നു തണുത്ത് മരവിച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ENGLISH SUMMARY:

Two human traffickers have been sentenced to prison in connection with the death of a four-member Indian family who froze to death while attempting to illegally cross from Canada into the United States on foot. Harshkumar Ramanlal Patel and Steve Anthony Shand were sentenced by a US court. Harshkumar Patel received a ten-year prison sentence, and Steve Anthony was sentenced to six years in prison.