പെണ്ണുകെട്ടാന്‍ പുരുഷന്‍മാരുണ്ട്, എന്നാല്‍ പെണ്ണില്ല. ഇതാണ് ചൈനക്കാരുടെ നിലവിലെ അവസ്ഥ. കല്യാണം കഴിക്കാന്‍ മനുഷ്യക്കടത്തും, വില്‍പനയും, അതിര്‍ത്തി കടന്നുളള ഡേറ്റിങ്ങും തകൃതിയായി. ബംഗ്ലദേശിലെ ചൈനീസ് എംബസി കഴിഞ്ഞ ദിവസം സ്വന്തം പൗരന്‍മാര്‍ക്കൊരു മുന്നറിയിപ്പ് നല്‍കി. നിയമവിരുദ്ധമായ മനുഷ്യക്കടത്തിനും, വിവാഹങ്ങള്‍ക്കും, ഓണ്‍ലൈന്‍ ഡേറ്റിങ്ങിനുമെിരെ ജാഗരൂകരായിരിക്കാന്‍ ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടു. ‘ഫോറിന്‍ വൈഫ് ഷോപ്പിങ്’ നടത്തരുതെന്ന് പറഞ്ഞ് എംബസി കണ്ണുരുട്ടി.
ആണ്‍പെണ്‍ വ്യത്യാസത്തിലെ അസന്തുലിതാവസ്ഥയാണ് ചൈനീസ് യുവാക്കളെ അതിര്‍ത്തി കടന്നുള്ള ഡേറ്റിങിന് പ്രേരിപ്പിക്കുന്നത്. ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമാർ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള ദരിദ്രരായ സ്ത്രീകളെയാണ് നല്ല ജീവിതം വാഗ്ദാനം ചെയ്ത് ചൈനീസ് യുവാക്കള്‍ക്ക് വില്‍ക്കപ്പെടുന്നത്. ചൈനയിലെ ഗ്രാമപ്രദേശങ്ങളിലെ പുരുഷന്‍മാരാണ് അതിര്‍ത്തി കടന്നുള്ള ഡേറ്റിങ് നടത്തുന്നത്. ഇങ്ങനെ എത്തിപ്പെടുന്ന യുവതികളാകട്ടെ ഒടുവില്‍ തടവിലാക്കപ്പെടുകയും ലൈംഗിക പീഡനത്തിനിരയാവുകയും ബലാത്സംഗം ചെയ്യപ്പെടുകയും ഒടുവില്‍ കുഞ്ഞുങ്ങളുമായി നരകജീവിതം അനുഭവിക്കേണ്ടി വരികയുമാണ് പതിവ്.
മുപ്പതും നാല്‍പ്പതും വയസുള്ളവരും, എത്ര ശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താനാവാത്തവരുമാണ് ഇത്തരത്തിലുള്ള ബന്ധങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുന്നത്.. ‘ഷെങ്ക്നന്‍ ഷിദായി’എന്നാണ് ഈ പ്രത്യേക വിവാഹസ്കീം അറിയപ്പെടുന്നത്. ചൈനയില്‍ സ്ത്രീകളുടെ എണ്ണം നന്നേ കുറവാണ്. വരും വര്‍ഷങ്ങളില്‍ ഈ അവസ്ഥ ഗുരുതരമാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 മുതല്‍ 2050 വരെയുള്ള കാലത്ത് ഒരുപക്ഷേ 30 മുതല്‍ 50 മില്യണ്‍ വരെ യുവാക്കള്‍ക്ക് പെണ്ണുകിട്ടാതെ കല്യാണം കഴിക്കാനാവാത്ത അവസ്ഥയുണ്ടാകും. ചൈനയിലേക്കുള്ള വധുക്കടത്ത് അങ്ങേയറ്റം ഗുരുതരമായ വിഷയമാണെന്ന് ലണ്ട് യൂണിവേഴ്സിറ്റി റിസര്‍ച്ചര്‍ മിങ് ഗാവോ പറയുന്നു. ഇത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയുള്‍പ്പെടെ ലക്ഷ്യം വയ്ക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയാണെന്നും മിങ് വ്യക്തമാക്കുന്നു. ആ രാജ്യത്തിന്റെ സാമൂഹികാവസ്ഥയെത്തന്നെ ഗുരുതരമായ തോതില്‍ ബാധിക്കുന്നതാണ് ജനസംഖ്യയിലെ ഈ വ്യത്യാസം.
ബംഗ്ലദേശിലേയും നേപ്പാളിലേയും യുവതികളെയാണ് പ്രധാനമായി വധുക്കടത്തുവഴി ലക്ഷ്യം വയ്ക്കുന്നത്. ഈ രണ്ടു രാജ്യങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ ഒട്ടേറെ കുടുംബങ്ങളാണ് ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്നത്. ഈ മോശം അവസ്ഥയെ മുതലാക്കിയാണ് പെണ്‍കുട്ടികളേയും യുവതികളേയും അതിര്‍ത്തിവഴി ചൈനയിലേക്ക് കടത്തുന്നത്. മനുഷ്യാവകാശ സംരക്ഷണ സമിതി 2019ല്‍ പുറത്തുവിട്ട വിവരമനുസരിച്ച് കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, നേപ്പാള്‍, നോര്‍ത്ത് കൊറിയ, പാക്കിസ്ഥാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നും വധുക്കടത്ത് നടത്തുന്നുണ്ട്.
ചൈനയിലെ വിവാഹബ്രോക്കര്‍മാരും മനുഷ്യക്കടത്തുകാരും ഉള്‍പ്പെടുന്നതാണ് വധുക്കളെ കടത്തുന്ന ഈ മാഫിയ. ഒരു മികച്ച ജോലിയോ നല്ല ഭാവിയോ വാഗ്ദാനം ചെയ്താണ് പലപ്പോഴും പെണ്‍കുട്ടികളേയും യുവതികളേയും ഈ കടത്തുവലയിലാക്കുന്നത്. എന്നാല്‍ ചൈനയിലെത്തുന്നതോടെ കടത്തുകാരുടെ സ്വഭാവം മാറും. യുവതികളുടെ യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും പിടിച്ചുവയ്ക്കുന്ന ഇവര്‍ പിന്നീടുള്ള യുവതികളുടെ ജീവിതം തീരുമാനിക്കും. സൗന്ദര്യവും വയസും അനുസരിച്ച് 5000ഡോളര്‍ മുതല്‍ 20,000ഡോളറിനു വരേയാണ് ഇവരെ ചൈനീസ് പുരുഷന്‍മാര്‍ക്ക് വില്‍ക്കുന്നത്. വിവാഹം എന്നാണ് വിളിക്കപ്പെടുന്നതെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സമ്മതമില്ലാത്ത വധുവില്‍പ്പനയാണ് അവിടെ നടക്കുന്നത്.
ഒരു തവണ ഒരു പുരുഷന്‍ തിരഞ്ഞെടുത്താല്‍ പിന്നീട് ആ യുവതി എത്തപ്പെടുന്നത് ചൈനയുടെ ഗ്രാമീണമേഖലയിലേക്കാവും, അവിടെ പീഡനവും ബലാത്സംഗവും ഉള്‍പ്പെടെ നേരിടേണ്ടിവരുന്ന യുവതികള്‍ എത്രയും വേഗത്തില്‍ പ്രസവിക്കാനും നിര്‍ബന്ധിതരാകും.
മ്യാന്‍മറില്‍ ഡസന്‍ കണക്കിനു കേസുകളാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ബംഗ്ലദേശില്‍ നിന്നും നേപ്പാളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ പീഡനം അവസാനിപ്പിക്കാന്‍ ആ പ്രദേശത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ നിയമവിരുദ്ധ കുടിയേറ്റമായി ചൈനീസ് സര്‍ക്കാര്‍ അധികാരികള്‍ പിടികൂടുന്ന തലത്തിലേക്ക് കാര്യങ്ങളെത്തും. കര്‍ഷകരും കൂലിത്തൊഴിലാളികളുമായ ചൈനീസ് പുരുഷന്‍മാരാണ് പ്രധാനമായും ഇത്തരത്തില്‍ വിദേശവധുക്കളെ സ്വീകരിക്കുന്നത്. വലിയ തോതിലുള്ള തുക നല്‍കിയാണ് സംഘങ്ങളില്‍ നിന്നും ഇവര്‍ സ്ത്രീകളെ വാങ്ങുന്നത്. ‘ഞങ്ങള്‍ക്ക് കുട്ടികളെ തരൂ, പോകാന്‍ അനുവദിക്കാം,; ട്രാഫിക്കിങ് ഓഫ് കച്ചിന്‍ ബ്രൈഡ്സ്’എന്നു പേരിട്ട 112 പേജ് വരുന്ന റിപ്പോര്‍ട്ട് ഈ വധുക്കടത്തിന്റെ നേര്‍സാക്ഷ്യമാണ്. മ്യാന്‍മറില്‍ നിന്നും ചൈനയിലേക്ക് കടത്തി വില്‍ക്കപ്പെടുകയും എങ്ങനെയോ രക്ഷപ്പെടുകയും ചെയ്ത 37 സ്ത്രീകളുടെ ഹൃദയഭേദകമായ സാക്ഷ്യങ്ങളും കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലുകളുമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്.
ഭാര്യമാരായല്ല മറിച്ച് കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള യന്ത്രങ്ങളായാണ് ഈ സ്ത്രീകള്‍ ചൈനയില്‍ കഴിയേണ്ടി വന്നത്. തീര്‍ത്തും ഒറ്റപ്പെട്ട കുഗ്രാമങ്ങളിലെയടക്കം വീടുകളില്‍ ഇവര്‍ തടവിലാക്കപ്പെടുന്നു. ചൈനീസ് സര്‍ക്കാറിനു ബോധ്യമുള്ള കാര്യമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം സാമൂഹിക അസമത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ചാൽ കടുത്ത പ്രതികരണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ആയിരിക്കാം സര്‍ക്കാറും മിണ്ടാതിരിക്കുന്നതെന്നാണ് സൂചന. 1980 മുതൽ 2015 വരെ പ്രാബല്യത്തിൽ ഉണ്ടായ വണ്‍ ചൈല്‍ഡ് പോളിസിയാണ് ചൈനയില്‍ പെൺകുഞ്ഞുങ്ങളുടെ എണ്ണം കുറയാന്‍ കാരണമായത്. ആണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതും പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നതും ചൈനയുടെ ഈ ആണ്‍പെണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ചൈനീസ് സർക്കാർ ഇപ്പോള്‍ ചില ഇടപെടലുകള്‍ നടത്തി രണ്ട് കുട്ടികൾ, മൂന്നു കുട്ടികൾ എന്ന രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആണ്‍പെണ്‍ അനുപാതം ഇപ്പോഴും തകരാറിലാണ്.