ഉത്തരകൊറിയയില്‍ നൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള പടക്കപ്പല്‍ ഉദ്ഘാടനദിവസം തന്നെ തകര്‍ന്നു. പ്രസിഡന്‍റ് കിം ജോങ് ഉന്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് അപകടം. അപകടത്തിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ലോഞ്ചിങ്ങിനിടെ ബാലന്‍സ് തെറ്റിയതാണ് 5000 ടണ്‍ ഭാരം വരുന്ന കൂറ്റന്‍ പടക്കപ്പലിന്‍റെ പതനത്തിന് കാരണം. ഉത്തരവാദിത്വമില്ലായ്മയെന്നും ക്രിമിനല്‍ കുറ്റമെന്നും വിമര്‍ശിച്ച് പ്രസിഡന്‍റ് കിം ജോങ് ഉന്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ച്ച ചോങ്ജിന്‍ തുറമുഖത്തായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. അപകടത്തിന്‍റെ കാരണമോ കൃതമായ നഷ്ടമോ പരുക്കേറ്റവരുടെ എണ്ണമോ വ്യക്തമല്ല. ജൂണ്‍ അവസാനത്തോടെ നടക്കാനിരിക്കുന്ന ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ വിഷയം ഗൗരവകരമായി ചര്‍ച്ചചെയ്യുമെന്ന് കിം ജോങ് ഉന്‍ അറിയിച്ചതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
കഴിഞ്ഞ മാസം 25നാണ് കൊറിയയുടെ ആദ്യ യുദ്ധ കപ്പലായ ച്യേ യോന്‍ പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. നാവികരംഗത്തെ ശക്തിപ്പെടുത്താന്‍ കരുക്കള്‍ നീക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ഈ തിരിച്ചടി.