ഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ. പഹൽഗാം ഭീകരാക്രമണവും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ സാമൂഹിക ഐക്യം തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളും വിശദീകരിക്കാൻ എത്തിയ സർവകക്ഷി സംഘത്തോടായിരുന്നു യുഎഇ മന്ത്രിയുടെ ഉറപ്പ്.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പ്രതിരോധ നടപടിയുടെ സ്വഭാവം പ്രതിനിധി സംഘം വിശദീകരിച്ചു. ഇന്ത്യ-യുഎഇ ബന്ധം കേവലം വ്യാപാരത്തിലും സംസ്കാരത്തിലും ഒതുങ്ങുന്നില്ലെന്നും, സുരക്ഷയും തന്ത്രപരമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടുമെന്നും ഫെഡറൽ നാഷനൽ കൗൺസിലിന്റെ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി പറഞ്ഞു.
തീവ്രവാദം മുഴുവൻ മനുഷ്യരാശിക്കും എതിരാണെന്നും ഇതിനെതിരെ രാജ്യാന്തര സമൂഹം യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാക്കിസ്ഥാനിൽ നിന്നുള്ള തെറ്റായ പ്രചാരണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യൻ സംഘം ഉന്നയിച്ചു. വസ്തുതാപരമായ തെളിവുകൾ ഹാജരാക്കിയാണ് പാക്കിസ്ഥാന്റെ കുതന്ത്രങ്ങളെ ഇന്ത്യൻ സംഘം തുറന്നുകാട്ടിയത്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ദീർഘകാല പോരാട്ടത്തിന്റെ തുടർച്ചയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് സംഘത്തലവൻ ഡോ. ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ എംപി വ്യക്തമാക്കി.
ഇന്ന് അബുദാബിയിലും ദുബായിലുമുള്ള പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം ലൈബീരിയ, കോംഗൊ, സിയോറ ലിയോൺ എന്നീ രാജ്യങ്ങളും സന്ദർശിക്കാനായി യാത്ര തിരിക്കും.എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, സസിത് പത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെന്റ് അംഗം എസ്.എസ്.അഹലുവാലിയ, മുൻ സ്ഥാനപതി സുജൻ ചിനോയ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.