ഇന്ത്യയില്‍ വന്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കറെ തയിബ അംഗവും കൊടുംഭീകരനുമായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു. നാഗ്പൂര്‍, റാംപൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഖാലിദായിരുന്നു. ആള്‍മാറാട്ടം നടത്തി വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിയുന്നതിനിടെയാണ് പാക്കിസ്ഥാനിലെ സിന്ധിലേക്ക് ഖാലിദ് താമസം മാറുന്നത്.
ബദിന്‍ ജില്ലയില്‍വച്ച് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. പുറത്തിറങ്ങുന്നതിനുള്‍പ്പെടെ വലിയതോതിലുള്ള നിയന്ത്രണങ്ങള്‍ സംഘടന ഖാലിദിന് നല്‍കിയിരുന്നു. പ്രത്യേക സുരക്ഷയും നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്.
2008ല്‍ ബംഗളൂരുവില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനു നേരെയും, 2006ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തിനു നേരെയും 2008ല്‍ റാംപൂരിലെ സിആര്‍പിഎഫ് ക്യാംപിനു നേരെയുമാണ് ഖാലിദിന്റെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്.
നേപ്പാളില്‍ വിനോദ് കുമാര്‍ എന്ന പേരില്‍ കഴിയുന്നതിനിടെ നാട്ടുകാരിയായ നഗ്മ ബാനുവിനെ വിവാഹം ചെയ്തു. ഈയടുത്ത കാലത്താണ് ഖാലിദ് പാക്കിസ്ഥാനിലേക്ക് താമസം മാറുന്നത്. ലഷ്കറെ തയിബയ്ക്കു വേണ്ടി ഫണ്ട് ശേഖരണവും റിക്രൂട്ട്മെന്റും നടത്തുകയെന്നതായിരുന്നു ഖാലിദിന്റെ ജോലി. കഴിഞ്ഞയാഴ്ച മറ്റ്മൂന്ന് ലഷ്കറെ ഭീകരര്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഷോപ്പിയാനില്‍വച്ച് കൊല്ലപ്പെട്ടിരുന്നു.