ഇന്ത്യക്കെതിരെ പരസ്യമായി ഭീകരാക്രമണത്തിന് ആഹ്വാനം ചെയത് ബംഗ്ലാദേശി മതനേതാവ് മൗലാന അബ്ദുല്‍ ഖുദ്ദൂസ് ഫാറൂഖി. കൊല്‍ക്കത്തയിലെക്ക് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന ഫാറൂഖിയുടെ പ്രസ്താവനയുടെ വിഡിയൊ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. ചാവേറുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ യുദ്ധവിമാനങ്ങള്‍ ആര്‍ക്കുവേണമെന്നും ഫാറൂഖി പറയുന്നു. സോവിയറ്റ് യൂണിയന്‍, യുഎസ് തുടങ്ങിയ വന്‍ശക്തികള്‍ക്കെതിരെ താലിബാന്‍ ചാവേറുകളെ വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഫാറൂഖി ഓര്‍മിപ്പിക്കുന്നു.
താലിബാന്‍ ഭീകരര്‍ അമേരിക്കയ്ക്കെതിരെയും സോവിയറ്റ് യൂണിയനെതിരെയും നടത്തിയ ആക്രമണങ്ങളുടെ രീതികളും ഫാറൂഖി വിഡിയോയില്‍ വിവരിക്കുന്നു. ശരീരത്തില്‍ ബോബുകള്‍ കെട്ടി താലിബാന്‍ ചാവേര്‍ അമേരിക്കന്‍ സൈനിക ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇയാളുടെ അവകാശവാദം. എന്നാല്‍ ഇത്തരമൊരു ആക്രമണം യഥാര്‍ഥത്തില്‍ നടന്നിട്ടില്ല. 2009ല്‍ നടന്ന ക്യാപ് ചാപ്മാന്‍ ചാവേര്‍ ആക്രമണത്തില്‍ എട്ട് സിഐഎ ഉദ്യോഗസ്ഥരും ചാവേറും അഫ്ഗാനില്‍ കൊല്ലപ്പെട്ടിരുന്നു.
'കൊല്‍ക്കത്ത പിടിച്ചടക്കാന്‍ എന്നോട് ബംഗ്ലാദേശ് സൈന്യം ആവശ്യപ്പെട്ടാല്‍ ഞാന്‍ ഒരു പദ്ധതി തയ്യാറാക്കും. എഴുപത് യുദ്ധവിമാനങ്ങള്‍ ആവശ്യമില്ല. എന്തിന് ഏഴ് യുദ്ധവിമാനങ്ങള്‍ പോലും വേണ്ട. സൈന്യം അനുമതി നല്‍കിയാല്‍ ഞാന്‍ കൊല്‍ക്കത്തയിലേക്ക് ചാവേര്‍ ബോംബര്‍മാരെ അയക്കും'- മാര്‍ച്ച് എട്ടിന് പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഫാറൂഖി പറയുന്നു. ‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ എന്നത് ഖുര്‍ ആനിലെ ഒരു ആയത്താണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ചാവേറാക്രമണത്തെക്കുറിച്ച് പറയുന്നതെന്നും ഫാറൂഖി കൂട്ടിച്ചേര്‍ത്തു.
11 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നിന്ന് കട്ട് ചെയ്തെടുത്ത ഭാഗങ്ങള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്. ഭീകരാക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതും ഇന്ത്യാവിരുദ്ധവുമായ നിരവധി വിഡിയോകള്‍ വന്‍തോതില്‍ പ്രചരിപ്പിക്കുന്നയാളാണ് ഫാറൂഖി. ഇതിനൊന്നുമെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നടപടി സ്വീകരിക്കുന്നുമില്ല.