TOPICS COVERED

ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ അഭിസംബോധന ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് യാമപ്രാര്‍ഥനയില്‍ പാപ്പാ വിശ്വാസികള്‍ക്കൊപ്പം പങ്കാളിയാകും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പാപ്പാ കര്‍ദിനാള്‍മാരുടെ യോഗത്തില്‍ പറഞ്ഞു. 

ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയായി വെള്ളിയാഴ്ച തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍ പാപ്പായുടെ ആദ്യ അഭിസംബോധനയ്ക്കാണ് സെന്‍റ് പീറ്റേഴ്സ് ചത്വരം ഇന്ന് സാക്ഷിയാകുന്നത്. ഉച്ചയ്ക്ക് നടക്കുന്ന യാമപ്രാര്‍ഥനയില്‍ വിശ്വാസികള്‍ക്കൊപ്പം പങ്കെടുക്കുന്ന പാപ്പാ മട്ടുപ്പാവില്‍ നിന്ന്, സന്ദേശവും നല്‍കും. ഏതുഭാഷയില്‍ എന്ത് സന്ദേശമായിരിക്കും പാപ്പാ നല്‍കുന്നതെന്നാണ് ലോകം കാതോര്‍ത്തിരിക്കുന്നത്. അടുത്ത ഞായറാഴ്ചയാണ് പൊതുദിവ്യബലിയര്‍പ്പണം. നാളെ വത്തിക്കാനില്‍ രാജ്യാന്തര മാധ്യമപ്രതിനിധികളെ കാണും.

ഇന്നലെ കര്‍ദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ, സഭ ശരിയായ രീതിയില്‍ ഡിജിറ്റല്‍ വിപ്ലവകാലത്തോട് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. സഭയില്‍ ആധുനിക വല്‍ക്കരണത്തിന്‍റെ ചുവടുവയ്പ്പായിരുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും സഹകരിക്കണമെന്നും പാപ്പാ കര്‍ദിനാള്‍മാരോടായി പറഞ്ഞു.

വിവിധ ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരെങ്കിലും നാമെല്ലാം ക്രിസ്തുവില്‍ ഒന്നാണെന്ന, സഭാ ഐക്യത്തെ ഓര്‍മപ്പെടുത്തുന്ന ആപ്തവാക്യമാണ് ലിയോ പതിനാലാമന്‍ പാപ്പാ സ്വീകരിച്ചത്. അതിനിടെ, റോമില്‍ ഫ്രാന്‍സിസ് പാപ്പായുടെ കല്ലറയിലെത്തി പാപ്പാ പ്രാര്‍ഥന നടത്തി. 

ENGLISH SUMMARY:

Pope Leo XIV to Deliver First Address Today at St. Peter’s Square