india-terrorist-list

ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് ഭീകരരെ വധിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ തിരിച്ചടിയിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ ഭീകരർ ആരൊക്കെയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് മേയ് 7നു പുലർച്ചെ നടന്ന ആക്രമണത്തിൽ 5 ഭീകരർ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങൾ അറിയിച്ചത്.

ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് സംഘടനകളിലെ പ്രധാനികളാണ് മരിച്ചവര്‍. മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. 

മുദാസർ ഖാദിയാൻ ഖാസ്

ലഷ്കർ ഭീകരനായ മുദാസർ ഖാദിയാൻ ഖാസിനായിരുന്നു, മുറിദ്കെയിലെ മർക്കസ് തയിബയുടെ ചുമതല വഹിച്ചിരുന്നത്. മുദാസർ, അബു ജുൻഡാൽ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാളുടെ സംസ്കാരത്തിനു ലഷ്കറെ തയിബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ് പങ്കെടുത്തു. പാക്ക് സൈന്യത്തിലെ ഒരു ലഫ്.ജനറലും പാക്ക് പഞ്ചാബ് പൊലീസ് ഐജിയും സംസ്കാരച്ചടങ്ങിനുണ്ടായിരുന്നു. ഒരു സർക്കാർ സ്കൂളിൽ നടന്ന സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെയാണു നടത്തിയത്. 

ഹാഫിസ് മുഹമ്മദ് ജമീൽ 

ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭർത്താവാണു ഹാഫിസ് മുഹമ്മദ് ജമീൽ. പാക്ക് പഞ്ചാബിലെ ബഹാവൽപുർ മർക്കസ് സുബാൻ അല്ലായുടെ ചുമതല വഹിച്ചിരുന്ന ഹാഫിസ് ജയ്ഷെ മുഹമ്മദിന്റെ ധനസമാഹരണം, യുവാക്കളെ സംഘടനകളിലേക്ക് ആകര്‍ഷിക്കല്‍ എന്നീ ചുമതല വഹിച്ചിരുന്നു. 

മുഹമ്മദ് യൂസുഫ് അസ്ഹർ 

ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസുഫ് അസ്ഹർ, മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭർത്താവാണ്. ജയ്ഷെ മുഹമ്മദ് ഭീകരരുടെ ആയുധ പരിശീലനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന മുഹമ്മദ് യൂസുഫ് കാണ്ഡഹാർ വിമാന റാഞ്ചൽ കേസിൽ ഇന്ത്യ തേടുന്ന ഭീകരൻ കൂടിയായിരുന്നു.ജമ്മുവിലെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഭീകരന്‍ കൂടിയായിരുന്നു. 

ഖാലിദ് 

അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്കറെ തയിബ പ്രവർത്തകനാണ്. ജമ്മു കശ്മീരിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾക്കു പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. 

മുഹമ്മദ് ഹസൻ ഖാൻ 

ജയ്ഷെ മുഹമ്മദ് പ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹസൻ ഖാൻ. പാക്ക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷനൽ കമാൻഡർ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ്. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 

റൗഫിനെ വധിച്ചു? 

മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളുമായ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

ENGLISH SUMMARY:

Indian military sources have confirmed that five terrorists were killed in Operation Sindoor. India destroyed nine terrorist camps in Pakistan. Although reports had earlier suggested that over 30 people were killed in the Indian retaliation, there was no clarity on who among them were terrorists. Now, military sources have revealed that five terrorists were killed in the attack that took place in the early hours of May 7.