ചിത്രം; മനോരമ

ചിത്രം; മനോരമ

ചൊറിഞ്ഞ് ചൊറിഞ്ഞ് ചോദിച്ച് മേടിച്ചതാണ് പാക്കിസ്ഥാന്‍ ഈ യുദ്ധം.  സ്വയം യുദ്ധപ്രഖ്യാപനം നടത്തി ഇന്ത്യയുടെ ക്ഷമയുടെ നെല്ലിപ്പലക വരെ ഞോണ്ടി, ഇനിയും നോക്കിയിരിക്കാന്‍ പറ്റില്ലെന്ന ഘട്ടത്തിലാണ് ഇന്ത്യ തിരിച്ചോങ്ങിയത്. യഥാര്‍ഥത്തില്‍ ഇക്കുറി അത് വെറുമരോങ്ങല്‍ മാത്രമായിരുന്നില്ല.ഒരേഒരു ലക്ഷ്യത്തോടെ മൂന്നു പാതകളിലൂടെയും ആഞ്ഞു പ്രഹരിച്ചു. സാമ്പത്തികമായും രാഷ്ട്രീയപരമായും സാമൂഹികമായുമുള്ള ആഭ്യന്തര അരക്ഷിതാവസ്ഥയൊന്നും കണക്കാക്കാതെ ഭ്രാന്തന്‍ തീരുമാനമെടുത്ത പാക്കിസ്ഥാന്‍ ആഗോള രാജ്യങ്ങള്‍ക്കിടെയിലും ഒറ്റപ്പെടുന്ന സാഹചര്യമാണ്. ഒരു വശത്ത് ഇന്ത്യന്‍ ആയുധങ്ങളുടെ മൂര്‍ച്ചയേറിയ പ്രഹരം, മറുവശത്ത് പാക് സൈന്യത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍. എല്ലാറ്റിനും അപ്പുറം ഇപ്പോള്‍ മറ്റൊരു വെല്ലുവിളികൂടി ഏറ്റെടുക്കേണ്ട സ്ഥിതിയിലാണ്  പാക്ക് ഭരണകൂടം . ശത്രുതയുടെ കൊടുമുടി തീര്‍ത്ത്  ബലൂചിസ്ഥാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി. 

ഇന്ത്യയില്‍ നിന്നും പ്രഹരമേറ്റതിനു പിന്നാലെ പാക്കിസ്ഥാനെ വെല്ലുവിളിച്ച് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായും പതാക ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. വിമോചന സമരത്തിന് നേതൃത്വം നൽകുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി കഴിഞ്ഞ ദിവസം 14 പാക് സൈനികരെ കുഴിബോംബ് സ്ഫോടനത്തിൽ വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. പാകിസ്ഥാന്റെ പതാക മാറ്റിയാണ് ബലൂചികൾ സ്വന്തം പതാക ഉയർത്തിയത്.  .രണ്ടു മാസം മുൻപ് ട്രെയിൻ തട്ടിയെടുത്ത് ബി.എൽ.എ പാകിസ്ഥാനെ ഞെട്ടിച്ചിരുന്നു. ബലൂച് ദേശീയവാദികളുമായി ഇന്ത്യയ്‌ക്ക് ചരിത്രപരമായി നല്ല ബന്ധമുണ്ട്. ബലൂച് വിഘടനവാദ ഗ്രൂപ്പുകൾക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പിന്തുണ നൽകുന്നെന്ന് പാകിസ്ഥാൻ പതിവായി ആരോപിക്കാറുമുണ്ട്.

ശത്രുവിന്‍റെ ശത്രു മിത്രം എന്നാണല്ലോ പറയുക, ബലൂചിസ്ഥാന്‍ പാക്കിസ്ഥാനെ വെല്ലുവിളിക്കുന്ന പ്രവിശ്യയാണ്. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശം. പാക്കിസ്ഥാനില്‍ നിന്നും ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിച്ചു കിടക്കുന്ന  ഭൂപ്രദേശം. പുരാതനകാലം മുതല്‍ ബലൂച് ജനത സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പോരാടിവരുന്നവരാണ്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. എണ്ണയും പ്രകൃതിവാതകവും  പ്രകൃതിസമ്പത്തുകളും കൊണ്ട്  സമ്പന്നമായ പ്രദേശം. 

പാക്കിസ്ഥാനിലെ ആകെ ഭൂവിസ്തീർണ്ണത്തിൽ ഏകദേശം 44 ശതമാനത്തില്‍  ബലൂചിസ്ഥാന്‍ വ്യാപിച്ചിരിക്കുന്നുവെങ്കിലും, ആകെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനമേ ഇവിടെ താമസിക്കുന്നുള്ളൂ. ഈ അന്തരമാണ് സമ്പത്തിന്‍റെയും വികസനത്തിന്‍റെയും വിതരണത്തില്‍ ബലൂചിസ്ഥാന്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടാന്‍ ഒരുകാരണം.

balochistan-train

പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോരാട്ടമാണ് ബലൂച് സായുധ സംഘടനകള്‍ കാലാകാലങ്ങളായി നടത്തുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും നേരിടേണ്ടി വരുന്ന ജനത. വികസനകാര്യത്തിലും സാമൂഹിക രാഷ്ട്രീയ സാമ്പത്തികാവസ്ഥയിലും മോശം സാഹചര്യങ്ങളിലൂടെയാണ് ബലൂചിസ്ഥാന്‍  കടന്നുപോകുന്നത്. 

1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ ബലൂചിസ്ഥാൻ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലായിരുന്നു, എന്നാൽ 1948-ൽ പാകിസ്ഥാൻ അതിനെ തങ്ങളുടെ ഭാഗമാക്കിയപ്പോൾ തന്നെ പ്രശ്നത്തിന് തുടക്കം കുറിച്ചു. ബലൂച് നേതാക്കൾ ഇതിനോട് കനത്ത എതിർപ്പ് പ്രകടിപ്പിച്ചു. അതിനുശേഷം ഇവിടെ   സമരവും, കലാപവും, സായുധ വിമതപ്രവർത്തനവും സജീവമായി. പാക്കിസ്ഥാന്‍ സൈന്യവും സുരക്ഷാസേനകളും ഈ കലാപങ്ങൾ അടിച്ചമർത്താനായി കർശന നടപടികൾ സ്വീകരിച്ചു.

പുറത്തുനിന്നുള്ള മനുഷ്യാവകാശ സംഘടനകളും ലോകരാജ്യങ്ങളും ബലൂചിസ്ഥാന്‍ വിഷയം ശ്രദ്ധിച്ചെങ്കിലും പാക്കിസ്ഥാന്‍റെ ആഭ്യന്തരപ്രശ്നം എന്ന തരത്തില്‍ വലിയ അന്താരാഷ്ട്ര ഇടപെടലുകള്‍ നടത്തിയില്ലെന്നതാണ് സത്യം. വികസനം, സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവഉയര്‍ത്തിയുള്ള ബലൂചിസ്ഥാന്‍റെ  ശബ്ദം ഇപ്പോള്‍  അവഗണിക്കാനാകാത്ത  സ്ഥിതിയിലെത്തിയിരിക്കുന്നു

സായുധപ്രതിഷേധം ശക്തമാകുന്നതിനിടെ ബലൂചിസ്ഥാനില്‍നിന്നും ആളുകളെ കാണാതാവുന്നതും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്നതും ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപങ്ങളാണ്. ബലൂച് ജനതയുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തെ പാക് സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളായാണ് കാണുന്നത്. 

ഗ്വാദര്‍ തുറമുഖം പോലെയുള്ള വലിയ പദ്ധതികൾ ബലൂചിസ്ഥാനിൽ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതിന്‍റെ ഗുണഫലം തങ്ങളിലേക്കെത്തുന്നില്ലെന്നും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നുമാണ് ബലൂച് ജനതയുടെ ആരോപണം. ചൈനയുടെ സഹായത്തോടെ നടപ്പാക്കുന്ന CPEC പദ്ധതി അനധികൃതമായ രീതിയില്‍ ഭൂമി കവര്‍ന്നതായും പരാതിയുണ്ട്. 

 ബലൂചിസ്താനിലെ പ്രശ്‌നം  ഇന്നും പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക, സൈനിക മേഖലയിലെ ഏറ്റവും ജ്വലിക്കുന്ന വിഷയങ്ങളിലൊന്നാണ്. അതേസമയം, ഈ പ്രശ്‌നത്തിന് ശാശ്വതമായൊരു  രാഷ്ട്രീയപരിഹാരം എല്ലാവരും ആഗ്രഹിക്കുന്നു.  ജനതയുടെ നീറുന്ന ഈ പ്രശ്നം പരിഹരിക്കാന്‍  രാജ്യാന്തരസമൂഹത്തിന്‍റെ ഇടപെടല്‍ അനവാര്യമായ ഘട്ടത്തിലൂടെയാണ്  ബലൂചിസ്ഥാന്‍ കടന്നുപോകുന്നത് 

ENGLISH SUMMARY:

Balochistan is a province that challenges Pakistan. It is located in the southwestern region of Pakistan. The territory extends from Pakistan into Iran and Afghanistan. Since ancient times, the Baloch people have been fighting for their independence.