ഇനിയുള്ള മണിക്കൂറുകള്‍ ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം വത്തിക്കാനിലാണ്. കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലടക്കം അഞ്ചിടങ്ങള്‍. അവിടെയായിരിക്കും ആഗോളകത്തോലിക്കാ സഭയുടെ പുതിയ അധ്യക്ഷന്‍റെ ആദ്യ നിമിഷങ്ങള്‍ ഒരുങ്ങുന്നത്. ആ വഴികളിലൂടെ ഒരു യാത്ര...
1. കാസ സാന്താ മാര്‍ത്ത
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ഇടതുവശത്താണ് കാസ സാന്ത മാര്‍ത്ത. ഇവിടെയാണ് ഫ്രാന്‍സിസ് പാപ്പാ.. പാപ്പായായ കാലമൊക്കെയും താമസിച്ചിരുന്നത്. മുന്‍ പാപ്പാ ജോണ്‍പോള്‍ രണ്ടാമനാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാര്‍ സാന്ത മാര്‍ത്തയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത്.
2. സിസ്റ്റീന്‍ ചാപ്പല്‍
ഇവിടെയാണ് പുതിയ പാപ്പായ്ക്കായി തിരഞ്ഞെടുപ്പ് നടക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ വലതുവശം.
1473–1483 കാലഘട്ടത്തില്‍ അന്നത്തെ പാപ്പാ സിക്സ്റ്റസ് നാലാമനാണ് ചാപ്പല്‍ പണിതത്. 35 മീറ്റര്‍ നീളം, 14 മീറ്റര്‍ വീതി.
വത്തിക്കാന്‍ അപ്പസ്തലിക് പാലസിന്‍റെ ഭാഗമാണ് സിസ്റ്റീന്‍ ചാപ്പല്‍. ഇവിടെയാണ് നമ്മള്‍ വെളുത്തപുകയും കറുത്തപുകയുമൊക്കെ കാണുന്നത്.
3. സെന്‍റ് പീറ്റേഴ്സ് ബസിലിക്ക
വെളുത്തപുക വന്നതിന് പിന്നാലെ, ഹബേമൂസ് പാപ്പാം, നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയുന്നത് ഈ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നാണ്. അതിനുപിന്നാലെ പാപ്പാ ഇവിടെയെത്തി വിശ്വാസികളെ ആശീര്‍വദിക്കും. ഉര്‍ബി ഏത് ഓര്‍ബി എന്ന പേരിലറിയപ്പെടുന്ന, നഗരത്തിനും ലോകത്തിനുമുള്ള അനുഗ്രഹം നല്‍കുന്നത്.
4. വത്തിക്കാന്‍ അപ്പസ്തോലിക് പാലസ്
പാപ്പായുടെ ഔദ്യോഗിക വസതി – വത്തിക്കാന്‍ കുരിയ ഇവിടെയാണ്. പേപ്പല്‍ അപ്പാര്‍ട്മെന്‍റും ഇവിടെയാണ്. പക്ഷേ, ഇത് പോപ്പ് ഫ്രാന്‍സിസ് ഉപയോഗിച്ചിരുന്നില്ല. സിസ്റ്റീന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം, ലൈബ്രറി തുടങ്ങിയവയൊക്കെ ഇവിടെയാണ്. ഇതിന്‍റെ ഒരു മട്ടുപ്പാവിലെ ജനാല വഴിയാണ് പാപ്പാ ഞായറാഴ്ച വൈകുന്നേരങ്ങളിലെ പ്രാര്‍ഥനകളില്‍ പങ്കെടുത്ത് ജനങ്ങളെ ആശീര്‍വദിക്കുന്നത്.
5. സെന്‍റ് പീറ്റേഴ്സ് ചത്വരം
കോണ്‍ക്ലേവ് നടക്കുമ്പോള്‍ വിശ്വാസികള്‍ പ്രാര്‍ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഇവിടെയാണ്. പൊതുജനങ്ങള്‍ പുതിയ പാപ്പായെ പാപ്പാ വസ്ത്രത്തില്‍ ആദ്യമായി കാണുന്നത് ഇവിടെ വച്ചാണ്. ആ ആദ്യ കാഴ്ചയിലാണ്, ഉര്‍ബി ഏത് ഓര്‍ബി, നഗരത്തിനും ലോകത്തിനുമുള്ള അനുഗ്രഹം നല്‍കുന്നത്.