ഫ്രാന്‍സിസ് പാപ്പായുടെ വിയോഗത്തോടെ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിനായുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് വത്തിക്കാന്‍. ഒന്‍പതുദിവസത്തെ ദുഃഖാചരണത്തിന് ശേഷം മേയ് ആറോടെ കോണ്‍ക്ലേവ് തുടങ്ങുമെന്നാണ് സൂചന. അതേസമയം, സാന്ത മരിയ മജോറെയിലെ ഫ്രാന്‍സിസ് പാപ്പായുടെ കബറിടം വിശ്വാസികള്‍ക്കായി ഇന്ന് തുറന്നുകൊടുക്കും.
ഫ്രാന്‍സിസ് പാപ്പായ്ക്ക് പിന്‍ഗാമിയാരാകും എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തേണ്ട കര്‍ദിനാള്‍മാരെല്ലാം വത്തിക്കാനിലുണ്ട്. ഇനിയറിയേണ്ടത് എന്നായിരിക്കും സിസ്റ്റീന്‍ ചാപ്പലിന്‍റെ രഹസ്യാത്മകതയിലേക്ക് കര്‍ദിനാള്‍മാര്‍ ചേക്കേറുന്നതെന്നാണ്. ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായറായ ഇന്ന് കത്തോലിക്ക സഭ ദൈവകരുണയുടെ തിരുന്നാളായാണ് ആചരിക്കുന്നത്. കാരുണ്യത്തിന്‍റെ സന്ദേശവാഹകനായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മയില്‍ വത്തിക്കാനില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയും റോമിലെ മരിയ മജോറെ ബസിലിക്കയും ഉള്‍പ്പെടെയുള്ള ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനയുണ്ടാകും.
ദിവ്യബലിക്ക് ശേഷം കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ ജോവാനി ബത്തീസ്ത, കാമര്‍ലെങ്ഗോ കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരും. കോണ്‍ക്ലേവിന്‍റെ തീയതി തീരുമാനിക്കുന്നതാണ് പ്രധാന അജണ്ട. ഒന്‍പതുദിവസത്തെ ദുഃഖാചരണം കഴിയുന്നതിന് ശേഷമായിരിക്കും കോണ്‍ക്ലേവ്.
സിസ്റ്റീന്‍ ചാപ്പലിലും, കോണ്‍ക്ലേവ് കാലത്ത് കര്‍ദിനാള്‍ താമസിക്കുന്ന സെന്‍റ് മാര്‍ത്താ ഹൗസിലും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതിനാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയാണ് പ്രധാനനടപടികളിലൊന്ന്. അതേസമയം, സാന്ത മരിയ മജോറെയിലെ ഫ്രാന്‍സിസ് പാപ്പായുടെ കബറടക്കത്തിലേക്ക് ഇന്ന് മുതല്‍ വിശ്വാസികള്‍ക്ക് സന്ദര്‍ശനാനുമതിയുണ്ടാകും.