ഫ്രാന്‍സീസ് പാപ്പായുടെ കബറടക്കം കഴിഞ്ഞതോടെ കത്തോലിക്ക സഭയ്ക്ക് പുതിയ തലവനെ കണ്ടെത്താനുള്ള ഒരുക്കങ്ങളുടെ നാളുകളാണ് ഇനി വത്തിക്കാനില്‍. ഒന്‍പതു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിന് ശേഷം നടക്കുന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിലാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത്. കോണ്‍ക്ലേവ് ആരംഭിക്കുന്നത് എന്നായിരിക്കുമെന്ന് നാളെ പ്രഖ്യാപിച്ചേക്കും.
ഫ്രാന്‍സീസ് പാപ്പയുടെ വിയോഗത്തില്‍ ഇന്നു മുതല്‍ ഒന്‍പത് ദിവസത്തേക്കാണ് ദുഖാചരണം. കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തേഴാമത് തലവനെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങളും ഇതിനിടയില്‍ വത്തിക്കാനില്‍ പൂര്‍ത്തിയാകും. കര്‍ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ ഇറ്റാലിയന്‍ കര്‍ദിനാള്‍ ജോവാനി ബത്തീസ്തയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍മാര്‍ ഒന്നുചേര്‍ന്ന് കോണ്‍ക്ലേവ് തീയതി തീരുമാനിക്കും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
ജാഗരണത്തിന്‍റെ മണി മുഴങ്ങുന്നതോടെ സഭയുടെ രാജകുമാരന്‍മാരുടെ ലോകം അഞ്ചു നൂറ്റാണ്ട് പഴക്കമുള്ള സിസ്‌റ്റീൻ ചാപ്പലിലേക്ക് ചുരുങ്ങും. കർദിനാൾമാർക്കുള്ള ഇരിപ്പിടങ്ങൾ നറുക്കിട്ട് തീരുമാനിച്ച്, രഹസ്യാത്മകത സൂക്ഷിച്ചുകൊള്ളാമെന്ന സത്യവാചകം ചൊല്ലി, മൈക്കലാഞ്‌ജലോയുടെ വിഖ്യാതമായ അന്ത്യവിധി ചിത്രത്തിനു കീഴെ കര്‍ദിനാള്‍മാര്‍ ഒത്തുകൂടും. രണ്ടായിരത്തിലേറെ വർഷങ്ങളുടെ ചരിത്രമുള്ള ആഗോള കത്തോലിക്കാ സഭയില്‍ പത്രോസിന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് അങ്ങനയാണ് തുടങ്ങുന്നത്.
ലോകമെമ്പാടുമുള്ള 252 കര്‍ദിനാള്‍മാരില്‍ 80 വയസ് തികയാത്ത 138പേര്‍ക്ക് മാത്രമാണ് വോട്ടവകാശം. കര്‍ദിനാള്‍ ക്ലിമ്മീസ് ബാവയും കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടനുമടക്കം നാല് ഇന്ത്യന്‍ കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. അതീവരഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിന്‍റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നും കര്‍ദിനാള്‍ കൂവക്കാടിന്‍റെ മേല്‍നോട്ടത്തിലായിരിക്കും. വോട്ട് പരിശോധനയ്ക്ക് ശേഷം ബാലറ്റുകള്‍ കത്തിക്കുന്നതിനും മേല്‍നോട്ടം കര്‍ദിനാള്‍ കൂവക്കാടിനായിരിക്കും.