indians-panama

ഇന്ത്യക്കാരുള്‍പ്പെടെ 300 അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് കടത്തി അമേരിക്ക. പാനമയിലെ ഒരു ഹോട്ടല്‍ താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റിയാണ് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇവരെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല. 130 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ പാനമയില്‍ എത്തിയിരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് അമേരിക്കയ്ക്ക് നേരിട്ട് അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയത്. ഇന്ത്യ, ഇറാന്‍, ചൈന, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്താന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പാനമയിലേക്ക് കടത്തിയത്. 

അമേരിക്കയും പാനമയും തമ്മിലുള്ള ധാരണ പ്രകാരം ഇവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കും. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഒരു പാലമായി പ്രവര്‍ത്തിക്കാമെന്ന് പാനമ നേരത്തെ സമ്മതിച്ചിരുന്നു. ചെലവുകള്‍ അമേരിക്ക വഹിക്കുകയും ചെയ്യും. സമാനമായ ധാരണ കോസ്റ്ററീക്കയുമായും അമേരിക്ക നടപ്പാക്കിയിട്ടുണ്ട്. 

പാനമയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിയുന്നവര്‍ക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമൊരുക്കും. എന്നാല്‍, ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പാനമ അധികൃതര്‍ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

The U.S. has moved 300 illegal immigrants, including Indians, to Panama as part of its immigration control measures. A hotel in Panama has been converted into a temporary detention center to house them. Their passports and other documents have been confiscated, and they are not allowed to leave the facility.