ഒരു ചോക്ലേറ്റ് കേക്ക് മുഴുവന്‍ കഴിച്ച് കുഴപ്പത്തിലായിരിക്കുകയാണ് മധുരപ്രിയനായ ഒപ്പോസം. അമേരിക്കയിലെ നെബ്രാസ്കയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് റിയൽ എസ്റ്റേറ്റ് ഏജൻ്റായ കിം ഡോഗെറ്റ് വീട്ടുമുറ്റത്ത് ചുരുണ്ടുകൂടിക്കിടക്കുന്ന ജീവിയെ കണ്ടെത്തിയത്. തളര്‍ന്ന് കിടക്കുകയാണെന്ന മനസ്സിലായ ഡോഗെറ്റ് ഒടുവില്‍ അതിന്റെ കാരണവും കണ്ടെത്തുകയായിരുന്നു. അളവില്‍ കൂടുതല്‍ മധുരം കഴിച്ചതാണ് ഒപ്പോസത്തെ തളര്‍ത്തിയിരുന്നത്.
ഒപ്പോസത്തിന് ചുറ്റുമുണ്ടായിരുന്ന കേക്ക് കഷണങ്ങളും ചോക്ലേറ്റില്‍ മുങ്ങിയ കാല്‍പാദവും കണ്ടപ്പോള്‍ കാരണം ഉറപ്പിക്കുകയായിരുന്നു.തണുപ്പ്കാലമായിരുന്നതിനാല്‍ തന്റെ ഫ്രിഡ്ജിലുള്ള കേക്കും മറ്റു സാധനങ്ങളും പുറത്ത് വച്ചതായിരുന്നു ഡോഗെറ്റ്. പിന്നീട് ചോക്ലേറ്റ് ഓപ്പോസമുകൾക്ക് വിഷാംശം നൽകുമെന്ന് മനസ്സിലാക്കിയ ഡോഗെറ്റ് ഒടുവില്‍ വന്യജീവി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് കര്‍ശനമായ ഭക്ഷണക്രമത്തിലായിരുന്ന ഒപ്പോസം ക്രമേണെ സുഖം പ്രാപിച്ച് വരികയും ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒപ്പോസത്തിന് 'കേക്ക് ബാന്‍ഡിറ്റ്' എന്ന് പേരിട്ടിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. പൂര്‍ണമായി സുഖം പ്രാപിച്ചാല്‍ ഒപ്പോസത്തെ കാട്ടിലേക്ക് തന്നെ തിരിച്ചയക്കും. അത് മാത്രമല്ല ഒപ്പോസത്തിനെയും മറ്റ് ജീവികളെയും സംരക്ഷിക്കാനുള്ള ഫണ്ട് കണ്ടെത്താനായി കസ്റ്റമൈസ്ഡ് ടീഷര്‍ട്ടും ഇറക്കിയിട്ടുണ്ട്.