japan-company

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. (എ.ഐ ചിത്രം)

ജോലി ചെയ്യുന്നതിനിടെ മടുപ്പ് തോന്നിയാല്‍ കുടിക്കാന്‍ മദ്യം. മദ്യം അകത്തു ചെന്ന് ഓഫായാല്‍ ഹാങ്‌ ഓവര്‍ ലീവ്. ഇങ്ങനെയൊരു അവസരമൊരുക്കി വ്യത്യസ്തമാകുകയാണ് ജപ്പാനിലെ ഒസാക്കയിലുള്ള ഒരു കമ്പനി. ജീവനക്കാരുടെ മാനസിക സന്തോഷം, അതാണ് കമ്പനിയുടെ ലക്ഷ്യം എന്നാണ് ട്രസ്റ്റ് റിങ് കോര്‍പ്പറേറ്റ് ലിമിറ്റഡ് അധികൃതര്‍ പറയുന്നത്. 

വലിയ തുക ശമ്പളവും, ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും നല്‍കി വമ്പന്‍ കമ്പനികള്‍ ജീവനക്കാരെ ആകര്‍ഷിക്കുന്നിടത്താണ് ട്രസ്റ്റ് റിങ് ഇങ്ങനെയൊരു ആശയം പരീക്ഷിക്കുന്നത്. സി.ഇ.ഒ അടക്കമുള്ളവരും ജീവനക്കാര്‍ക്കൊപ്പം ‘കമ്പനി’ കൂടുന്നതും മറ്റൊരിടത്തും കാണാനാകില്ല. ജോലി ചെയ്യുന്നിടം സൗഹാര്‍ദപരമായിരിക്കണം എന്നാണ് ഇക്കാര്യത്തില്‍ സി.ഇ.ഒയുടെ  നിലപാട് . ജോലി സമ്മര്‍ദം കാരണം കൃത്യമായി ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആളുകളുണ്ട്. അങ്ങനെയൊരു സാഹചര്യം ഇവിടെയുണ്ടാകരുത് എന്ന ആഗ്രഹമാണ് ഇതിനുപിന്നിലെന്നും കമ്പനി.

മദ്യം കഴിച്ചതിനു പിന്നാലെ വിശ്രമം വേണമെന്ന് തോന്നുന്നവര്‍ക്ക് രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ വിശ്രമിക്കാനും സമയം അനുവദിക്കും. വലിയ തുക ശമ്പളം കൈപ്പറ്റുന്നവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഇങ്ങനെയൊരു അവസരം ലഭിച്ചേക്കില്ല. പക്ഷേ ഞങ്ങള്‍ക്ക് പണം വാരിയെറിയാനില്ല, പകരം ജീവനക്കാരെ ഇങ്ങനെയൊക്കെ സന്തോഷിപ്പിക്കാന്‍ സാധിക്കും എന്നാണ് ട്രസ്റ്റ് റിങ് സി.ഇ.ഒ പറയുന്നത്.

2,22,000 യെന്‍ (1.27 ലക്ഷം രൂപ) ആണ് കമ്പനി തുടക്കക്കാര്‍ക്ക് നല്‍കുന്ന ശമ്പളം. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇത് കുറവായിരിക്കാം. ഇത് മറികടക്കാന്‍ 20 മണിക്കൂര്‍ ഓവര്‍ ടൈം ജോലി എന്ന സാധ്യതയും കമ്പനി മുന്നോട്ടു വയ്ക്കുന്നുണ്ട്. ഓവര്‍ ടൈം ജോലി ചെയ്താല്‍ അതിനുള്ള പണവും ലഭിക്കും. എങ്ങനെ നോക്കിയാലും ജീവനക്കാര്‍ ഹാപ്പി, കമ്പനിയും ഹാപ്പി എന്നാണ് സി.ഇ.ഒ പറയുന്നത്.

ENGLISH SUMMARY:

A company in Osaka, Japan, is making headlines with its unconventional work culture. Employees are allowed to drink alcohol if they feel sluggish while working. If they end up getting too intoxicated, they can take a "hangover leave". Trust Ring Corporate Limited, the company behind this policy, states that their primary goal is ensuring the mental well-being of their employees.