സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളെ ആശീര്‍വദിക്കാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഇനി പുതിയ വാഹനം. വിശ്വാസികളെ ആശിര്‍വദിക്കുന്ന സമയം ഉപയോഗിക്കുന്ന വാഹനം പോപ്‌മൊബീല്‍ എന്നാണ് അറിയപ്പെടുന്നത്. വണ്ടി ഇന്നലെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. മെഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് ജി ക്ലാസ് എസ്‍യുവി പരിഷ്ക്കരിച്ചതാണ് പുതിയ പോപ്മൊബീല്‍.
മുന്‍കാല വാഹനങ്ങളെപ്പോലെ തന്നെ തൂവെള്ള നിറത്തിലുള്ള വാഹനമാണ് പുതിയതായി എത്തിയതും. 2025 ജൂബിലിയിലേക്കാവും വണ്ടി മെഴ്സിഡസ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജൂബിലിയില്‍ ദശലക്ഷക്കണക്കിന് ആളുകളെയാണ് റോമില്‍ പ്രതീക്ഷിക്കുന്നത്. വത്തിക്കാനിലേക്ക് മെഴ്‌സിഡസ് ബെന്‍സാണ് നൂറുവര്‍ഷക്കാലമായി വാഹനം വിതരണം ചെയ്യുന്നത്. വത്തിക്കാന്റെ ആവശ്യത്തിനനുസരിച്ചുള്ള തരത്തിലാണ് പുതിയ വണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഇലക്ട്രിക് വാഹനമായിരിക്കുമിതെന്ന് ബെന്‍സ് അറിയിച്ചു.
പൊതുജനത്തെ കാണുന്ന സമയത്ത് ഉപയോഗിക്കാനായി ചെറിയവേഗതയില്‍ സഞ്ചരിക്കാനായി പ്രത്യേക ഡ്രൈവ്ട്രെയിന്‍ വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. പുതിയ G 580 മോഡലിൽ EQ സാങ്കേതികവിദ്യയും ഓരോ ചക്രത്തിനും സമീപം നാല് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതു പരിപാടികളിലെ വേഗത കുറഞ്ഞ യാത്രകളിൽ ഈ ഡിസൈൻ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു. ഉള്ളിൽ, ഉയരം ക്രമീകരിക്കാവുന്ന തരത്തിലുള്ള സിംഗിൾ സീറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ജനത്തെ അഭിസംബോധന ചെയ്യാനായി ഈ സീറ്റും പോപിനെ സഹായിക്കും. ഈ പ്രധാന സീറ്റിൻ്റെ ഇരുവശത്തുമായി അധിക സീറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
വണ്ടിയുടെ ക്ലാസിക്‌ലുക്ക് നിലനിർത്താൻ പേൾ വൈറ്റ് പെയിൻ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ബി പില്ലറിൽ മേൽക്കൂര നീക്കം ചെയ്ത് പകരം കാലാവസ്ഥക്കനുസരിച്ചുള്ള ഹാർഡ്ടോപ്പ് ഉപയോഗിച്ചിട്ടുണ്ട് . ഇടതുവശത്തെ ഡോര്‍ ഒരൊറ്റ പാളിയായാണ് ചെയ്തിരിക്കുന്നത്. വണ്ടിയുടെ ബോഡിയുമായി സെപറേഷനില്ലാതെ ഘടിപ്പിച്ചതുമാണ് ഈ ഡോര്‍.
1930മുതലാണ് വത്തിക്കാനും മെഴ്സിഡസ് ബെന്‍സുമായുളള ഈ വണ്ടിബന്ധം ആരംഭിച്ചത്. പഴയ പോപ്മൊബീലുകളെല്ലാം വത്തിക്കാന്‍ സിറ്റിയിലും ഒപ്പം മെഴ്സിഡസ് ബെന്‍സ് മ്യൂസിയത്തിലുമായാണ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. വത്തിക്കാന്‍ നല്‍കിയ വിശ്വാസത്തില്‍ മെഴ്സിഡസ് കമ്പനി മാര്‍പ്പാപ്പയെ നന്ദി അറിയിച്ചു.