ചിത്രം (X/truecrimeupdat)
ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ വളര്‍ത്തുനായ കടിച്ചു കൊന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. എസ്ര മന്‍സൂറെന്ന കുഞ്ഞാണ് തൊട്ടിലില്‍ ഉറങ്ങിക്കിടക്കവേ ഹസ്കിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് കുഞ്ഞിനെ നായ കടിച്ചുകീറിയത്. കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാര്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ആക്രമണത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തസ്രാവമുണ്ടായെന്നും തലച്ചോറില്‍ വീക്കം സംഭവിച്ചുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ആറുദിവസം നീണ്ട ചികില്‍സകള്‍ക്കും എസ്രയുടെ ജീവന്‍ രക്ഷിക്കാനായില്ല.
എട്ടുവര്‍ഷമായി കുടുംബത്തിനൊപ്പമുള്ള നായയാണ് ആക്രമിച്ചതെന്നതാണ് സംഭവത്തിന്‍റെ നടുക്കം വര്‍ധിപ്പിക്കുന്നത്. ഒരുതരത്തിലും അക്രമവാസന പുലര്‍ത്തിയിരുന്ന നായയല്ല കുഞ്ഞിനെ ആക്രമിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഊര്‍ജസ്വലരും കായികക്ഷമതയില്‍ മുന്നിലുള്ളവരുമാണ് ഹസ്കികളെങ്കിലും അക്രമ സ്വഭാവമുള്ളവരല്ല. സംഭവം തങ്ങനെ തകര്‍ത്തു കളഞ്ഞുവെന്നും എല്ലാവരും മക്കളെ ശ്രദ്ധിക്കണമെന്നും എപ്പോള്‍ വേണമെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാമെന്നും കുഞ്ഞിന്‍റെ അമ്മ പ്രതികരിച്ചു. എസ്രയുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി ദാനം ചെയ്യുന്നതായും അത് ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.