ഒടിടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി സൈജു കുറുപ്പ് ചിത്രം 'ഭരതനാട്യം 2 മോഹിനിയാട്ടം'. തിയേറ്ററിലെന്ന പോലെ ഒടിടി പ്രേക്ഷകരേയും പൊട്ടിച്ചിരിപ്പിക്കുകയാണ് ചിത്രം. ഡാര്‍ക് ഹ്യൂമര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രത്തിലെ ബ്രില്യന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍. പലയിടത്തുമുള്ള റഫറന്‍സുകളും സോഷ്യല്‍ മീഡിയ കണ്ടെത്തുന്നുണ്ട്. അത്തരത്തില്‍ ചര്‍ച്ചയാവുന്ന ചില ഹിറ്റ് റഫറന്‍സുകള്‍ നോക്കാം. 

ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് 'ഏഴാം അറിവ്' റഫറന്‍സാണ്. 'ഏഴാം അറിവില്‍' വില്ലനും നായകനും കണ്ടുമുട്ടുന്ന രംഗത്തോട് സാമ്യമുള്ളതാണ് 'മോഹിനിയാട്ട'ത്തില്‍ രണ്ട് സുബാഷുമാരും കണ്ടുമുട്ടുന്നത്. തന്റെ നോട്ടത്തില്‍ സീനിയര്‍ സുബാഷ് വീഴാത്തത് കണ്ട് ജൂനിയര്‍ സുബാഷ് തല വെട്ടിക്കുന്നതും സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നുണ്ട്. 

അമ്പലത്തില്‍ വച്ച് േബബിയും രഘുവും ശശിയെ സംശയത്തോടെ നോക്കുന്ന രംഗത്തിന് 'ദൃശ്യ'ത്തിനോടാണ് സാമ്യം. ശശിക്ക് കള്ളത്തരമുണ്ടെങ്കില്‍ തിരിഞ്ഞുനോക്കുമെന്നും ബേബി പറയുന്നുണ്ട്. എന്നാല്‍ ശശി തിരിഞ്ഞുനോക്കുമ്പോള്‍ ഇരുവരും അത് ശ്രദ്ധിക്കാതെ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നത് ചിരി പൊട്ടിച്ചു. 

നന്ദുപൊതുവാള്‍ അവതരിപ്പിച്ച അശോകനെ 'നീ പോടാ വഴിപോക്കാ' എന്ന ഗോവിന്ദരാജ് വിളിക്കുന്നത് നന്ദു വഴിപോക്കനായി എത്തിയ എണ്ണമറ്റ മലയാള സിനിമകളിലേക്കുള്ള റഫറന്‍സായി. വഴിയില്‍ കണ്ട പൊലീസിനോട് അശോകന്‍ 'മകിഴ്ചി' എന്ന് പറയുന്നത് 'കബാലി' റഫറന്‍സായി. മോഹിനീശ്വരി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസില്‍ സുബാഷ് കസേരകള്‍ക്കിടയിലൂടെ മാമനെ വിളിച്ചു നടക്കുന്നത് 'ഹൃദയ'ത്തിലെ 'സെല്‍വാ' വിളിയെ ഓര്‍‍മിപ്പിച്ചു. 

'വേഷ'ത്തിലെ മമ്മൂട്ടിയുടെ ഡയലോഗായ 'താനൂര് ചക്ക തിന്നാന്‍ പോയപ്പോള്‍' അതേപടി തന്നെ ജഗദീഷ് അവതരിപ്പിച്ച ഈപ്പന്‍ പറയുന്നുണ്ട്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ താന്‍ ഫിക്സ് വന്നതുപോലെ അഭിനയിക്കട്ടെ എന്ന് ജഗദീഷ് അവതരിപ്പിച്ച ഈപ്പന്‍ പറയുന്നത് മറ്റൊരു 'ദൃശ്യം' റഫറന്‍സായി. സരസ്വതിയമ്മ ജ്യൂസ് കൊണ്ടുവരുമ്പോള്‍ ശവത്തെ നോക്കിയതിന് ശേഷം പേടിച്ച് വേണ്ട എന്ന് പറയുന്നത് 'റോഷാക്കി'ലെ ജഗദീഷിന്‍റെ കൊലപാതക സീനിനോടാണ് സാമ്യപ്പെടുത്തുന്നത്. ഗോവിന്ദരാജയുടെ ശവം ഇലട്രിക് കസേരയിലിരുത്തി ഭസ്മമാക്കാം എന്ന അരുണിന്‍റെ ഡയലോഗ് 'കൂലി' റഫറന്‍സായി. സരസ്വതിയമ്മയും ഈപ്പനും സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുമിച്ച് ഒരേ ആയുധമെടുക്കുന്നത് 'അനിയത്തിപ്രാവിലെ' റൊമാന്‍സ് രംഗത്തെ ഓര്‍മിപ്പിച്ചു. 

സുബാഷിന്‍റെ വീടിന്‍റെ താക്കോല്‍ കാണാതാവുമ്പോള്‍ ബേബി പൊലീസിനോട് പറയുന്നത്, 'മിഥുന'ത്തിലെ ഡയലോഗായ 'മോന്തക്കിട്ട് ഒന്ന് കൊടുത്തിട്ടു ചോദിക്ക് സാറെ അപ്പൊ കിട്ടും താക്കോൽ,' എന്നാണ്. ശശി സീനിയര്‍ സുഭാഷിന്‍റെ തോളില്‍ വിരല്‍ വച്ച് വിറപ്പിക്കുന്നത് 'ദശരഥ'ത്തിലെ മോഹന്‍ലാലിന്‍റെ സീന്‍ ഓര്‍മിപ്പിച്ചു. വീട്ടില്‍ നിന്നും മൃതദേഹം മാറ്റുന്നതിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ വായ്ക്കുചുറ്റും ഉമിക്കിരി പറ്റിയിരിക്കുന്ന സരസ്വതിയമ്മയെ 'ജോക്കറി'നോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. 

ഇങ്ങനെ ദിവസം കൂടുംതോറും നിരവധി റഫറന്‍സുകളാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. മോളിവുഡിന് പുറത്ത് നിന്നും റഫറന്‍സെടുത്ത് മോഹിനിയാട്ടത്തില്‍ നിന്നും ഇനിയും നിരവധി റഫറന്‍സുകളുണ്ടാവാനാണ് സാധ്യത.

ENGLISH SUMMARY:

Bharathanatyam 2 Mohiniyattam, a Malayalam dark humor film starring Saiju Kurup, is gaining traction on OTT platforms and social media for its clever movie references. The film's unique blend of humor and allusions to popular films is sparking widespread discussion among viewers.