Screen Grab from show
ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന മഹാഭാരതത്തിന്‍റെ എഐ പതിപ്പാണ് സിനിമ– ഒടിടി ലോകത്ത് ചര്‍ച്ചാവിഷയം. യഥാര്‍ഥ അഭിനേതാക്കളുടെയോ സെറ്റുകളുടെയോ, കായികാധ്വാനത്തിന്‍റെയോ സഹായമില്ലാതെ പൂര്‍ണമായും എഐ ഉപയോഗിച്ചാണ് മഹാഭാരതം– ഏക് ധർമ്മയുദ്ധ് എന്ന സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാണ രംഗത്തെ എഐയുടെ ഭാവിയെന്തെന്ന് ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എഐ ഉപയോഗത്തിനെതിരെ വിമര്‍ശനം കടുക്കുമ്പോളാണ് ഈ പുതിയ പരീക്ഷണം.
മഹാഭാരതം– ഏക് ധർമ്മയുദ്ധ് ടെലികാസ്റ്റ് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ എഐയുടെ ഉപയോഗം 'സാധാരണവൽക്കരിക്കുന്ന'തിന് സീരീസ് വിമര്‍ശനം നേരിടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരീസ് ട്രോളുകളും ഏറ്റുവാങ്ങുകയാണ്. എഐ കൊണ്ട് നിര്‍മ്മിച്ച പുരാതന ഹസ്തിനപുരി കൊട്ടാരത്തിലെ ‘ആധുനിക ഫർണിച്ചറുകളുടെ സാന്നിധ്യമാണ് കാരണം. സീരീസിലെ ഒരു രംഗത്തില്‍ ഹസ്തിനാപുരിയിലെ കൊട്ടാരത്തില്‍ കുട്ടിയോടൊപ്പമുള്ള ഗംഗയെ കാണം. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പോയത് രംഗത്തിലെ ഫര്‍ണീച്ചറുകളിലേക്കാണ്; സീനിലുള്ളത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കട്ടിലും മേശയുമായിരുന്നു. ഡ്രോയറുകളുള്ള സൈഡ് ടേബിളിലാണ് കാഴ്ചക്കാരുടെ കണ്ണ് പതിഞ്ഞത്. ഏതാനും നിമിഷങ്ങൾ മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും കാഴ്ചക്കാര്‍ക്ക് അതുമാത്രം മതിയായിരുന്നു.
പിന്നാലെ ഇന്‍റര്‍നെറ്റില്‍ സ്ക്രീൻഷോട്ടുകള്‍ നിറഞ്ഞു. ഒട്ടേറെപ്പേരാണ് ഈ രംഗത്തെ വിമര്‍ശിച്ചും പരിഹസിച്ചും സമൂഹമാധ്യമങ്ങളിലെത്തിയത്. വയർലെസ് ചാർജർ കാണുന്നില്ലെന്ന് പരിഹസിച്ച് ഒരു ഉപയോക്താവെത്തി. ഒരു സീനിൽ, സ്യൂട്ട് ധരിച്ച ഒരാളുടെ ചിത്രം ചുമരിൽ കണ്ടിരുന്നു എന്നാണ് മറ്റൊരാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇത് ചെയ്യുന്നവരുടെ ധൈര്യത്തെ അഭിനന്ദിക്കണം, ബജറ്റ് കൂടെ അറിഞ്ഞാല്‍ കൊള്ളാം എന്നാണ് മറ്റൊരു കമന്‍റ്. ‘ജിയോ ഹോട്ട്സ്റ്റാറിൽ എഐ മഹാഭാരതം കാണുന്നു, ബെഡ് സൈഡ് ഡെസ്കിൽ കിടന്ന് ഞാന്‍ ചിരിച്ച് മരിക്കുകയാണ്...’ മറ്റൊരാള്‍ കുറിച്ചു.
കളക്ടീവ് മീഡിയ നെറ്റ്‌വർക്കാണ് സീരീസ് നിര്‍മ്മിക്കുന്നത്. ആദ്യ എപ്പിസോഡ് ഒക്ടോബർ 25 നാണ് ഹോട്ട് സ്റ്റാറിലെത്തിയത്. എല്ലാ വെള്ളിയാഴ്ചയും പുതിയ എപ്പിസോഡുകള്‍ എത്തുന്നുണ്ട്. ‘നമ്മളില്‍ പലർക്കും മഹാഭാരതം വെറുമൊരു കഥയല്ല; നമ്മുടെ മാതാപിതാക്കളിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും കേട്ട് വളർന്ന കഥകളാണ്, നമ്മുടെ ഭാവനയെയും മൂല്യങ്ങളെയും രൂപപ്പെടുത്തിയ കഥകൾ. എഐ മഹാഭാരതത്തിലൂടെ ഈ കഥകൾ തികച്ചും പുതിയ തലത്തില്‍ നമുക്ക് അനുഭവിക്കാൻ കഴിയും’ എന്നാണ് കഴിഞ്ഞ മാസം നടന്ന ട്രെയിലർ ലോഞ്ചിൽ ഷോയെക്കുറിച്ച് കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കിന്റെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞത്.