വാർത്തകളും വിനോദവും ഒന്നിച്ച് ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിന് ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷം ഫോളോവേഴ്സ്. 2019 സെപ്റ്റംബറിൽ ഒടിടി പ്ലാറ്റ്ഫോമിനൊപ്പമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങിയത്.
സിനിമകളെയും ഷോകളെയും കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം കാലികമായ ട്രോളുകളും മീമുകളും പങ്കുവെച്ചാണ് മനോരമ മാക്സ് ഇന്‍സ്റ്റയില്‍ ജനപ്രീതി നേടിയത്. സിനിമകളും ഷോകളും പ്ലാറ്റ്‌ഫോമിൽ എത്തിയതോടെ സമൂഹമാധ്യമങ്ങളിലും മാക്സിനെ മലയാളികള്‍ സ്വീകരിച്ചു. മലയാളം ഒടിടി രംഗത്ത് ഏറ്റവും കൂടുതൽ സിനിമകൾ റിലീസ് ചെയ്യുന്ന പ്ലാറ്റ്‍ഫോമായ മനോരമ മാക്സ് നൂതനമായ പ്രെമോഷൻ രീതികളിലൂടെയും ജെൻ സി തലമുറയെ ആകർഷിക്കുന്ന ഉള്ളടക്കത്തിലൂടെയും ഡിജിറ്റൽ ലോകത്ത് സ്വന്തം ഇടം നേടി.
ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്‍ഫോമിനുള്ള എക്സ്ചേഞ്ച് ഫോർ മീഡിയ പ്ലേ സ്ട്രീമിങ് പുരസ്കാരം കഴിഞ്ഞ മൂന്നുവര്‍ഷമായി മനോരമ മാക്സ് ആണ് സ്വന്തമാക്കുന്നത്. ഉള്ളടക്കത്തിന്റെ വൈവിധ്യവും നിലവാരവുമാണ് മനോരമ മാക്സിനെ ദേശീയ അംഗീകാരത്തിന് അർഹമാക്കിയത്. ഒരു മില്യൺ സഹയാത്രികരെന്ന നേട്ടത്തിന് ഒപ്പം നിന്ന് പ്രോല്‍സാഹിപ്പിച്ച പ്രേക്ഷകർക്ക് മനോരമ മാക്സിന്‍റെ നന്ദി.