alappuzha-gymkhana

TOPICS COVERED

വിഷു റിലീസായി തിയേറ്ററുകളിൽ എത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത കോമഡി–ആക്ഷന്‍ ജോണറിലുള്ള ചിത്രം മികച്ച കലക്ഷനും നേടിയിരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ജൂൺ അഞ്ചിന് സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്‍റെ റിലീസിന് പിന്നാലെ തന്നെ അനഘ രവിയുടെ പവര്‍ഫുള്‍ ആക്ഷന്‍ രംഗങ്ങള്‍  സൈബറിടത്ത് ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ പഞ്ചാര പഞ്ച്, ഹട്ജാ തുടങ്ങിയ ഗാനങ്ങളും വൈറലായി. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക്‌ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമിച്ചത്. 

ഖാലിദ് റഹ്മാന്‍ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് രതീഷ് രവിയാണ്.  ബേബി ജീന്‍,  നോയില ഫ്രാൻസി, കോട്ടയം നസീര്‍, ഫ്രാങ്കോ ഫ്രാൻസിസ്, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ENGLISH SUMMARY:

Alappuzha Gymkhana OTT Release Date Announced