അശ്ലീല ഉള്ളടക്കത്തിമന്‍റെ പേരില്‍ ഉല്ലു (ULLU) ഒടിടി പ്ലാറ്റ്ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഹൗസ് അറസ്റ്റ്' എന്ന വെബ് ഷോയുടെ അവതാരകരും നിര്‍മ്മാതാവിനുമെതിരെ കേസ്. ഷോയുടെ അവതാരകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാൻ, നിർമ്മാതാവ് രാജ്കുമാർ പാണ്ഡെ എന്നിവർക്കെതിരെയാണ് ബജ്‌റംഗ്ദൾ പ്രവർത്തകന്‍ ഗൗതം റാവ്രിയയുടെ പരാതിയില്‍ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരിക്കുന്നത്.
വെബ് ഷോയിൽ അശ്ലീല ഭാഷയും ഉള്ളടക്കവും അടങ്ങിയിരിക്കുന്നു. മാത്രമല്ല ഷോയിലെ പ്രകടനങ്ങള്‍ സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്നതാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഗൗതം പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ഷോയില്‍ കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനുകളെ കുറിച്ച് അവതാരകന്‍ ഒരു മല്‍സരാര്‍ഥിയോട് ചോദിക്കുകയും അവതാരകന്‍റെ ആവശ്യപ്രകാരം മത്സരാർത്ഥികള്‍ ആ പൊസിഷനുകൾ അനുകരിക്കുകയും ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ എന്തുകൊണ്ട് ഈ ഒടിടി പ്ലാറ്റഫോം കേന്ദ്രം നിരോധിച്ചില്ലെന്നാരാഞ്ഞ് ശിവസേന എംപി പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), വിവരസാങ്കേതിക നിയമം എന്നിവ പ്രകാരമാണ് നിർമ്മാതാവിനും അവതാരകനുമെതിരെ കേസെടുത്തിരിക്കുന്നത്. അശ്ലീല ഉള്ളടക്കം പ്രോല്‍സാഹിപ്പിക്കുന്ന പരിപാടി ഉടൻ നിരോധിക്കണമെന്ന് മഹാരാഷ്ട്ര ബിജെപി എംഎൽഎ ചിത്ര വാഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാർച്ച് 14 ന് അശ്ലീല ഉള്ളടക്കമടങ്ങിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇൻഫർമേഷൻ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിരോധിച്ചിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുടെ പ്ലാറ്റ്ഫോമുകളുടെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഏപ്രിൽ 28 ന് സുപ്രീംകോടതി കേന്ദ്രത്തിനും ഒടിടികള്‍ക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടിസ് അയച്ചിരുന്നു. വിഷയം ആശങ്ക നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ആൾട്ട് ബാലാജി, ഉല്ലു, എക്സ്, മെറ്റാ, ഗൂഗിൾ, മുബി, ആപ്പിൾ എന്നിവരോട് പ്രതികരണം തേടിയിട്ടുണ്ട്.