കൂടല്‍ എന്ന ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതിന് പിന്നാലെ നിരവധി ട്രോളുകള്‍ എത്തിയിരുന്നു. സിനിമയില്‍ ബിബിൻ അവതരിപ്പിച്ച കഥാപാത്രം ‘ചാർലി’ സിനിമയിലെ ദുൽഖർ സൽമാന്റെ കഥാപാത്രത്തോട് സാമ്യമുണ്ടെന്നായിരുന്നു ട്രോളന്മാരുടെ കണ്ടെത്തൽ. ‘ചാർലി’യെ അനുകരിക്കുന്ന തരത്തിലുള്ള ബിബിന്റെ ഗെറ്റപ്പും സംഭാഷണങ്ങളുമാണ് ട്രോൾ ആയി മാറിയത്. നവാഗതരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ‘കൂടൽ’ സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. സിനിമ കണ്ട പ്രേക്ഷകർ നെഗറ്റിവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ പ്രതികരിക്കുന്നതെന്നും ബിബിൻ മാധ്യമങ്ങളോടു പറഞ്ഞു. ‘എന്റെ ചെറുപ്പത്തിൽ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകൾ വരട്ടെ, അതൊന്നും വിഷയമുള്ള കാര്യമല്ല.’ എന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
ചാർലിയാകാൻ നോക്കി അസ്സൽ ചളിയായി, അട്ടപ്പാടി ചാര്‍ലി, ചാര്‍ലി ഫ്രം മീഷോ, അട്ടപ്പാടി ദുരന്തം എന്നിങ്ങനെ നിരവധിപരിഹാസങ്ങള്‍ ബിബിന് കേള്‍ക്കേണ്ടി വന്നിരുന്നു. നിരവധിയാളുകള്‍ ട്രോള്‍ വിഡിയോകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബിബിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലടക്കം ഇത്തരം കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.