നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ‘അന്തിമാലൈ കോവില്‍’ പാട്ട്. ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകന്‍ ഔസേപ്പച്ചനായിരുന്നു. 1989ല്‍ പുറത്തിറങ്ങിയ ‘വെല്‍കം 1990’ എന്ന ആല്‍ബത്തിലെ പാട്ടായിരുന്നു അത്. എന്നാല്‍ റീല്‍സിലെല്ലാം ഈ പാട്ട് ഇടംപിടിച്ചതാകട്ടെ എ.ആര്‍.റഹ്മാന്‍റെ സൃഷ്ടിയെന്ന രീതിയിലായിരുന്നു. 

പക്ഷേ, തന്‍റെ പാട്ടാണെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മനോരമ ന്യൂസിനോട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എ.ആര്‍.റഹ്മാനും തുമ്പരാജയും ഇതില്‍ സംഗീതോപകരണങ്ങള്‍ വായിച്ചിട്ടുണ്ട്. പാട്ടിന്‍റെ ഓര്‍ക്കസ്ട്രേഷന്‍ എല്ലാം ഔസേപ്പച്ചന്‍റേതായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വീണ്ടും വിവാദം കത്തിക്കയറിയത്. ഈ സാഹചര്യത്തിലാണ്, ഔസേപ്പച്ചന്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തുവന്നത്. തൃശൂരിലെ ആര്‍ക്കിയോളജി വകുപ്പിന്‍റെ പരിപാടിയിലായിരുന്നു ഔസേപ്പച്ചന്‍റെ വിശദീകരണം. 

നമ്മുടെ പൈതൃകങ്ങള്‍ തള്ളിക്കളയേണ്ട ഒന്നല്ല. സംഗീതത്തിലും പൈതൃകമുണ്ട്. സംഗീതത്തിലും ദൈവതുല്യരായ ഒട്ടേറെ പേരുണ്ട്. ത്യാഗരാജസ്വാമി, പുരന്ധര്‍ദാസ്, മുത്തുസ്വാമി ദീക്ഷിത് തുടങ്ങി ഒട്ടേറെ പേര്‍. അവരുടെ കലാരൂപങ്ങള്‍ പഠിക്കാനും സംസ്കാരത്തിന്‍റെ ഭാഗമാക്കാനും ശ്രമിക്കണം. മുപ്പത്തിയേഴു വര്‍ഷം മുമ്പ് ഞാന്‍ ചിട്ടപ്പെടുത്തിയ പാട്ടാണ് അന്തിമാലൈ കോവില്‍. ആ പാട്ട് ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ടതായി മാറി. ത്യാഗരാജ സ്വാമിയുടെ കീര്‍ത്തനമാണ് ഈ പാട്ട് ചിട്ടപ്പെടുത്താന്‍ എന്നെ സ്വാധീനിച്ചത്. കര്‍ണാടക സംഗീതം പഠിക്കുമ്പോഴാണ് ആ കീര്‍ത്തനം ഹൃദയത്തെ സ്വാധീനിച്ചത്. എന്തൊരുമഹാനുഭവലു എന്ന ആ കീര്‍ത്തനം, ഔസേപ്പച്ചന്‍റെ വാക്കുകള്‍. 

ENGLISH SUMMARY:

Composer Ouseppachan has offered further clarification amid the ongoing social media controversy over the viral song 'Anthimalai Kovil,' sharing that the composition was inspired by Saint Tyagaraja's keertana 'Endaro Mahanubhavulu.' Speaking at an Archaeology Department event in Thrissur, Ouseppachan said the song—which he composed for the 1989 album 'Welcome 1990' and has recently surged in popularity across reels—drew inspiration from the classical piece he encountered while learning Carnatic music. Reaffirming his authorship and orchestration of the track after earlier stating that A.R. Rahman and Thumbraja played instruments on it, Ouseppachan urged people to value musical heritage and learn from stalwarts like Tyagaraja Swami, Purandaradasa, and Muthuswami Dikshitar.